ന്യൂദല്‍ഹി: ക്രിപ്റ്റോ കറന്‍സിയെ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ബില്ലില്‍ സ്വകാര്യക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കുമെന്ന നിര്‍ദേശം ഉയര്‍ന്നതോടെ സ്വകാര്യക്രിപ്റ്റോ നിക്ഷേപകരും ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ആശങ്കയില്‍. നവമ്പര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ക്രിപ്റ്റോ കറന്‍സി ബില്‍ അവതരിപ്പിക്കാനാണ് നീക്കം.
നിയന്ത്രിക്കാന്‍ ഒരു കേന്ദ്രീകൃതബാങ്കില്ലാത്തതിനാല് ക്രിപ്റ്റോകറന്‍സികള്‍ കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും ഉപയോഗിക്കപ്പെടുമെന്ന ആശങ്ക കാരണമാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുമെന്ന നിര്‍ദേശം ബില്ലില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇതോടെ പ്രധാന ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന് ഉള്‍പ്പെടെയുള്ളവയുടെ വില കൂപ്പുകുത്തുകയാണ്. ബിറ്റ് കോയിന് വില 18.53 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. ഇതേറിയം വില 15.58 ശതമാനവും ടെഥറിന്റെ വില 18.29 ശതമാനവും ഇടിഞ്ഞു.
ഏതൊക്കെ സ്വകാര്യക്രിപ്റ്റോ കറന്‍സികളാണ് നിരോധിക്കുക എന്ന വ്യക്തതയില്ലാത്തതിനാല്‍ ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കുന്ന എക്സ്ചേഞ്ചുകളും ആശങ്കയിലാണ്. ക്രിപ്റ്റോ നിക്ഷേപകര്‍ ആശങ്കപ്പെടരുതെന്ന് ഇന്ത്യയിലെ പ്രമുഖ ക്രിപ്റ്റോ എക്സചേഞ്ചായ സെബ്പെയുടെ അവിനാശ് ശേഖര്‍ അഭിപ്രായപ്പെട്ടു. പുതിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഭയാശങ്കമൂലം ആരും ക്രിപ്റ്റോകള്‍ വിറ്റൊഴിക്കരുതെന്നും അവിനാശ് ശേഖര്‍ പറയുന്നു.
സ്വകാര്യ ക്രിപ്റ്റോകറന്‍സികളുടെ നിര്‍വ്വചനം ഇനിയും കേന്ദ്രം പുറത്തുവിട്ടിട്ടില്ല. അതാണ് ഇത്തരം ക്രിപ്റ്റോ കറന്‍സികളുടെ നിക്ഷേപകരെയും എക്സ്ചേഞ്ചുകളെയും ആശങ്കപ്പെടുത്തുന്നത്. ബിറ്റ് കോയിനും ഇതെറിയവും പോലുള്ള ഒരു പിടി ക്രിപ്റ്റോ കറന്‍സികള്‍ പൊതു ബ്ലോക് ചെയിന്‍ ശൃംഖലകളില്‍ സൃഷ്ടിക്കപ്പെട്ടവയാണ്. അതായത് ഈ ശൃംഖലകളിലെ ഇടപാടുകള്‍ പരിശോധനാവിധേയമാണ്. പക്ഷെ ഈ ബിറ്റ്കോയിനുകളുടെ ഉപയോക്താക്കള്‍ ആരൊക്കെ എന്നത് സംബന്ധിച്ച് കൃത്യതമായ വിവരം ലഭ്യമല്ല. ഈ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന നിക്ഷേപകരാണ് സര്‍ക്കാരിന്റെ തലവേദന. അതുകൊണ്ടാണ് മയക്കമരുന്നിടപാട്, തീവ്രവാദം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്ക് ഇത് ഉപയോഗിക്കപ്പെടുമെന്ന് കേന്ദ്രം ആശങ്കപ്പെടുന്നത്.
ഇനി മോനെറോ, ഡാഷ്, ഇസെഡ് കാഷ് എന്നീ ക്രിപ്റ്റോകറന്‍സികളുടെ കാര്യമെടുക്കാം. ഇതെല്ലാം പൊതു ബ്ലോക് ചെയിനുകളിലാണെങ്കിലും ഇവയില്‍ നടത്തുന്ന ഇടപാടുകളുടെ വിവരങ്ങള്‍ മറച്ചുവെയ്ക്കപ്പെടുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യത കാത്ത് സൂക്ഷിക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്ന് പറയുന്നു. ഇത്തരം ക്രിപ്റ്റോകള്‍ നിരോധിക്കപ്പെടേണ്ടതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി മേഖലയില്‍ ഏകേേശം40,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഏകദേശം 1.5 കോടി മുതല്‍ രണ്ട് കോടി വരെ ക്രിപ്റ്റോ നിക്ഷേപകര്‍ ഇന്ത്യയിലുണ്ട്. മാത്രമല്ല, ബിറ്റ് കോയിന് പോലുള്ള ക്രിപ്റ്റോകറന്‍സികളുടെ വില തന്നെ തലചുറ്റിക്കുന്നതാണ്. ഒരു ബിറ്റ്കോയിന്റെ വില ഇപ്പോള്‍ 60,000 ഡോളര്‍ ആണെന്ന് പറയപ്പെടുന്നു.
അതേ സമയം ക്രിപ്റ്റോ കറന്‍സിയില്‍ വലിയ ലാഭം കൊയ്യാമെന്ന് ബിറ്റ് കോയിന്റെ വില ചൂണ്ടിക്കാട്ടി പലരും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം പരസ്യങ്ങളും ചതിയും വഞ്ചനയും നിറഞ്ഞതാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മാത്രമല്ല, ക്രിപ്റ്റോയെ നിയന്ത്രിക്കാതെ വിട്ടാല്‍ അത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ തന്നെ ഇടിച്ചില്ലാതാക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറന്‍സികള്‍ തെറ്റായ കൈകകളില്‍ ചെന്നു ചേരരുതെന്നാണ് പ്രധാനമന്ത്രി മോദി നവമ്പര്‍ 18ന് സിഡ്നി ഡയലോഗിന്റെ ഭാഗമായി നടത്തിയ മുഖ്യപ്രഭാഷണത്തില്‍ ഉപദേശിച്ചത്. ഇപ്പോള്‍ എല്‍ സാല്‍വഡോര്‍ എന്ന ഒരൊറ്റ രാജ്യം മാത്രമാണ് ക്രിപ്റ്റോ കറന്‍സിയെ നിയമപരമായി അംഗീകരിച്ചിരിക്കുന്നത്. ചൈന ക്രിപ്റ്റോ കറന്‍സിയെ നിരോധിച്ചുകഴിഞ്ഞു. ലോകത്തിലെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി വളരാന്‍ ശ്രമിക്കുന്ന ചൈനയെ സംബന്ധിച്ചിടത്തോളം അനിയന്ത്രിതമായ ക്രിപ്റ്റോ കറന്‍സികള്‍ പെരുകിയാല്‍ സമ്പദ്ഘടനയില്‍ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിന്റെ പിടിവള്ളി പൊട്ടിപ്പോകുമെന്ന ആശങ്കയുണ്ട്. തീവ്രവാദത്തിനെതിരെ ഒത്തുതീര്‍പ്പില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാരിനും ക്രിപ്റ്റോ കറന്‍സി വലിയ ആശങ്കയുണര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: