കൊല്ലം: വനം വകുപ്പിലെ ജനകീയമുഖമായ സോഷ്യല്‍ ഫോറസ്ട്രിയെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. വൃക്ഷത്തൈ ഉത്പാദനവും വിതരണവും സംബന്ധിച്ച പുതിയ തീരുമാനമാണ് കാരണം.
ഇത് ഗ്രാമ പഞ്ചായത്തുകള്‍ വഴിയാക്കാനുള്ള തീരുമാനം നടപ്പായാല്‍ ഓഫീസ് അറ്റന്‍ഡന്റ് മുതല്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വരെയുള്ള നൂറിലധികം തസ്തികകളും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുതല്‍ പിസിസിഎഫ് വരെയുള്ള 250 തസ്തികകളും ഇല്ലാതാകുമെന്ന് അവര്‍ പറയുന്നു. നിലവില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി സര്‍വ്വീസില്‍ വരുന്ന ഒരാള്‍ പതിനഞ്ചിലധികം വര്‍ഷം എടുത്താണ് ആദ്യ പ്രമോഷന് ആയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആകുന്നത്.
എതിര്‍ത്ത് ബിഎംഎസ്
സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലുള്ള 180ലേറെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളും 40 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളും ഇല്ലാതാക്കാനേ തീരുമാനം ഉപകരിക്കൂ എന്ന് ബിഎംഎസ് നേതൃത്വത്തിലുള്ള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ്. നീക്കം വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ പ്രൊമോഷന് വീണ്ടും നീളുന്നതിന് കാരണമാകുമെന്നും ഇതിനെതിരെ വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറിക്കും മേധാവിക്കും പരാതി നല്‍കിയതായും ഫോറസ്റ്റ് സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡി. ജയനും സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് സൂര്യയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: