കൊച്ചി : സ്ത്രീധനത്തെ ചൊല്ലിയുണ്ടായ ഗാര്‍ഹിക പീഡനങ്ങളില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് സുഹൈലും കുടുംബവും കസ്റ്റഡിയില്‍. ഇയാളുടെ മാതാവ് റുഖിയ പിതാവ് റഹീം എന്നിവരെയും ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആലുവ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവരെ കോതമംഗലത്തെ ബന്ധുവീട്ടല് നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സുഹൈലും കുടുംബവും ഇവിടെയുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എത്തിയ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ആത്മഹത്യാപ്രേരണകുറ്റമാണ് നിലവില്‍ ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.
മോഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇവര്‍ ഒളിവിലായിരുന്നു. മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആയതിനാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഊര്‍ജ്ജിത അന്വേഷണമായിരുന്നു പോലീസ് നടത്തിയിരുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് സുഹൈലും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചുവെന്നാണ് മൊഫിയ പര്‍വീണിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉള്ളത്. ഇക്കാര്യം മൊഫിയയുടെ പിതാവും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
സുഹൈലിനും ആലുവ സിഐ സുധീറിനുമെതിരെ മോഫിയയുടെ അച്ഛന് ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്ന് അച്ഛന് ദില്‍ഷാദ് കെ. സലീം പറഞ്ഞു. ശരീരം മുഴുവന്‍ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈല്‍ മോഫിയയെ മര്‍ദ്ദിച്ചു. സുഹൈല്‍ ലൈഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു. ഇത് മോഫിയയെ മാനസികമായി തകര്‍ത്തു. സിഐയുമായി ചേര്‍ന്ന് ഇയാള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നും മോഫിയയുടെ അച്ഛന് പറയുന്നു.
അതേസമയം പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സംഭവിച്ച കാര്യങ്ങളിലും അന്വേഷണസംഘം ഇന്ന് വ്യക്തത വരുത്തും. ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മീഷനും, റൂറല്‍ എസ്പിയും ആവശ്യപ്പെട്ടിരുന്നു.
ഗാര്‍ഹികപീഡനത്തെത്തുടര്‍ന്നാണ് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയാ പര്വീന് എന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ മോഫിയ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയുംഒരു മാസം മുമ്പ് സുഹൈലിനെതിരെ ആലുവ റൂറല്‍ എസ്പിക്ക് പരാതിയും നല്കി.
ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്ത്രിധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍ ഒരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല. പരാതികള്‍ പല സ്റ്റേഷനുകള്‍ക്ക് കൈമാറി വീട്ടുകാരെ വട്ടം കറക്കുകയാണ് പോലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: