ബ്യൂണസ് അയേഴ്സ് നഗരവീഥികളില്‍ ഇന്നും അയാളുടെ ഗന്ധമുണ്ട്. എത്രയോ ചിത്രങ്ങള്‍ തലയുയര്‍ത്തി നില്ക്കുന്നു. എത്രയോ നിമിഷങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമായി ചിറകുവിരിച്ച് പറക്കുന്നു. മൈതാനങ്ങളില്‍ അത്ഭുതം തീര്‍ത്ത, രാജ്യത്തിന്റെ പ്രൗഢി ലോകാന്തരങ്ങളിലെത്തിച്ച, അര്‍ജന്റീനയുടെ സ്വന്തം രാജകുമാരന് സാക്ഷാല്‍ ഡിഗോ മറഡോണ മരിച്ചിട്ട് നാളെ ഒരാണ്ട്.
ഓര്‍മകള്‍ക്ക് മരണമില്ലെന്ന് പറയുന്നത് എത്രയോ ശരിയാണ്. ഫുട്ബോള്‍ മൈതാനം നിലനില്‍ക്കുന്നിടത്തോളം മറഡോണയും അദ്ദേഹത്തിന്റെ കാല്പന്ത് കഥകളും വാഴ്ത്തപ്പെട്ടുകൊണ്ടേയിരിക്കും. 1986 ലോകകപ്പും ചരിത്രഗോളുകളും കായിക ലോകം മറക്കുന്നതെങ്ങനെ? 16-ാം വയസില്‍ അര്‍ജന്റീന കുപ്പായമണിഞ്ഞ അത്ഭുത ബാലന് പിന്നീട് ഫുട്ബോള്‍ ദൈവമായതിന് പന്നില്‍ വലിയ പോരാട്ടത്തിന്റെ കഥയുണ്ട്. വിജയങ്ങള്‍ പിടിച്ചടക്കി ഉയരങ്ങളിലേക്ക് നടന്നുകയറിയപ്പോള്‍ ജീവിതത്തില്‍ നേരിട്ട താളപ്പിഴകളും ലോകം ആഘോഷത്തോടെ തന്നെ ചര്‍ച്ച ചെയ്തു. മറഡോണയുടെ ഓരോ നിമിഷവും അത്രമേല്‍ ലഹരിയായിരുന്നു ഫുട്ബോള്‍ ലോകത്തിന്.
ബ്യൂണസ് അയേഴ്സിലെ വിയാഫിറോറിറ്റ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദരിദ്രര്‍ തിങ്ങിപ്പാര്‍ത്ത പ്രദേശമായിരുന്നു. ഫുട്ബോള്‍ സ്വപ്നം കുട്ടികളില്‍ പ്രതീക്ഷയുടെ നാമ്പ് വളര്‍ത്തികൊണ്ടിരുന്നു. ആ ഇടയ്ക്കാണ് രാജ്യത്തെ പ്രധാന മാധ്യമപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തുന്നത്. ലക്ഷ്യം കാലില്‍ അത്ഭുതം തീര്‍ക്കുന്ന ബാലനെ കാണണം, സാക്ഷാല്‍ ഡീഗോയെ. മൈതാനത്ത് പറന്നുകളിക്കുന്ന കുട്ടിയുടെ കഥകള്‍ പിന്നീട് രാജ്യം ചര്‍ച്ച ചെയ്തു. അധികം വൈകാതെ വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ച് തുടങ്ങി. 16-ാം വയസില്‍ ദേശീയ സീനിയര്‍ ടീമില്‍. പിന്നീട് അര്‍ജന്റീനിയന്‍ ഫുട്ബോളിന്റെ അമരക്കാരനായി.
1986 ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ട് ഗോളുകള്‍ ചരിത്രത്തിന്റെ ഭാഗമായി. ദൈവത്തന്റെ കൈ അടയാളപ്പെടുത്തിയ 52-ാം മിനിറ്റും അത്ഭുത ഗോള്‍ പിറന്ന 56-ാം മിനിറ്റും വില്ലനില്‍ നിന്ന് നായകനിലേക്കുള്ള മാറ്റമായിരുന്നു. ഗോളിക്ക് മുകളില്‍ ഉയര്‍ന്നുചാടി 52-ാം മിനിറ്റില്‍ നേടിയ ആദ്യ ഗോള്‍ ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. അഞ്ചടി അഞ്ചിഞ്ചുകാരനായ ഡീഗോയ്ക്ക് ആ ഉയരം അസാധ്യമായിരുന്നു. എന്നാല്‍ സെക്കന്‍ഡിന്റെ ഒരു നിമിഷം മാച്ച് റഫറിയെ പോലും മാറ്റി ചിന്തിപ്പിച്ചു, വിവാദ ഗോള്‍ പിറന്നു. ഇതിന് ശേഷമാണ് കൈകൊണ്ട് പന്ത് വലയിലേക്ക് തള്ളിയിടുകയാണെന്ന് തിരിച്ചറിഞ്ഞത്. നാണക്കേടിന്റെ അംശം എവിടെയോ തങ്ങിനിന്നതിനെ കഴുകികളയുന്നതായി 56-ാം മിനിറ്റിലെ ഗോള്‍. നാല് ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് തുടങ്ങിയ പാച്ചില്‍ ഗോളില്‍ അവസാനിച്ചു. നാല് മിനിറ്റ് മുമ്പ് കളിയാക്കിയവര്‍ പോലും പിന്നീട് കൈയടിച്ച നിമിഷം. ഈ ഗോള്‍ പിന്നീട് നൂറ്റാണ്ടിന്റെ ഗോളായും തെരഞ്ഞെടുക്കപ്പെട്ടു. ഏറെ വിവാദമൊരുക്കിയ 1986ലെ ലോകകപ്പില്‍ കിരീടവുമായാണ് ഡീഗോയും അര്‍ജന്റീനയും മടങ്ങിയത്. ഇറ്റലിയില്‍ നാപ്പോളിയും സ്പെയ്നില്‍ ബാഴ്സലോണയും മറഡോണയുടെ കളിമികവ് അടുത്തറിഞ്ഞു.
ലഹരിയുടെ കീഴില്‍ അടിപ്പെട്ടുപോയ ഡീഗോ ഇതിനിടെ ദുരന്തത്തിലേക്ക് നടന്നതും മറ്റൊരു ചരിത്രം. ഉയര്‍ച്ചതാഴ്ച്ചകള്‍ ഏറെ നേരിട്ട ആ ജീവിതം പുതു തലമുറയ്ക്ക് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. വിജയകൊടുമുടികള്‍ കീഴടക്കുമ്പോള്‍ ലഹരിയെ ഒപ്പം കൂട്ടരുതെന്ന പാഠം. ലോകമാകെ കൈയടിച്ച ആ ഇതിഹാസത്തിന്റെ ഓര്‍മ്മകള്‍ മരിക്കാതെ നിലനില്ക്കട്ടെ. ഡീഗോയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക: