ന്യൂദല്‍ഹി: സഞ്ജിത്ത് വധക്കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരെയാണ് ഇസ്ലാമിക തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയത്. ഇതുവരെ 50 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് ജിഹാദികള്‍ കൊലപ്പെടുത്തിയതെന്നും അമിത്ഷായ്ക്ക് നല്കിയ കത്തില്‍ സുരേന്ദ്രന് ചൂണ്ടിക്കാട്ടി. പ്രസ്തുത കേസുകളിലൊന്നും പോലീസ് ഗൂഢാലോചനകള്‍ അന്വേഷിച്ചിട്ടില്ല.
തീവ്രവാദ ശക്തികളാണ് ഇതിന് പിന്നില്‍ എന്നറിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ രീതി, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍, ആസൂത്രണം എന്നിവ തീവ്രവാദശൈലിയിലാണ്. സിപിഎം പോപ്പുലര്‍ ഫ്രണ്ട് വര്‍ഗീയ കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. സംസ്ഥാനത്ത് തീവ്രവാദ ശക്തികള്‍ ആയുധപരിശീലനവും സംഭരണവും നടത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മുന്നില്‍ പോലീസ് മുട്ടുമടക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറയാന്‍ പോലും പോലീസ് ഭയപ്പെടുകയാണെന്നും അദേഹം വ്യക്തമാക്കി.
ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദസംഘടനകള്‍ ഭയപ്പെടുത്തി നിറുത്തിയിരിക്കുകയാണ്. കരിവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി സുരേന്ദ്രന് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ വി.മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍, ദേശീയ വക്താവ് ടോംവടക്കന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: