കൊച്ചി: രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25 ആകുമ്പോഴേക്കും ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കേന്ദ്ര മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീരോല്പാദന, വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍ മുരുകന് പറഞ്ഞു. കൊച്ചി തോപ്പുംപടി മത്സ്യബന്ധന തുറമുഖം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരാദിപ് ഉള്‍പ്പെടെ അഞ്ചു മത്സ്യബന്ധന തുറമുഖങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി തുറമുഖങ്ങളില്‍ തന്നെ ഐസ് പ്ലാന്റുകളും സംസ്കരണ സൗകര്യങ്ങളും സജ്ജീകരിക്കും. തുറമുഖങ്ങള്‍ ആധുനികരിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വില കിട്ടുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ഥാപിക്കുന്നകടല്‍ പായല്‍ സംസ്കാരണ കേന്ദ്രത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറായി കൊണ്ടിരിക്കുകയാണ്. ഇത് മത്സ്യമേഖലയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ സാധ്യതയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: