തിരുവനന്തപുരം : കുഞ്ഞിനെ ദത്ത് നല്കിയ സംവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനുപമ. ശിശുക്ഷേമ സമിതിയുടെ ലൈസന്‍സ് അവസാനിച്ചതാണ്. ലൈസന്‍സില്ലാതെ നിയമ വിരുദ്ധമായാണ് തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയിട്ടുള്ളത്. അതിനാല്‍ ഷിജു ഖാനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു.
2016 ജൂലൈ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെയായിരുന്നു ലൈസന്‍സ് കാലാവധി. അതായത് അനുപമയുടേതെന്ന് സംശയിക്കുന്ന കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറുമ്പോള്‍ ശിശുക്ഷേണ സമിതിക്ക് ലൈസന്‍സ് ഇല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് പരിഗണിച്ച കുടുംബ കോടതി ശിശുക്ഷേമ സമിതിയെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ദത്ത് ലൈസന്‍സിന്റെ വ്യക്തമായ വിവരങ്ങള്‍ ശിശുക്ഷേമ സമിതി കോടതിയില്‍ നല്‍കിയില്ല. ലൈസന്‍സില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് വിമര്‍ശിച്ചത്. എന്നാല്‍ ലൈസന്‍സ് നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്.
അതേസമയം അനുപമയുടെ കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും. സംസ്ഥാനത്ത് നിന്ന് ശനിയാഴ്ച പോയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ക്ക് ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ കൈമാറിയിരുന്നു. ഇവര്‍ ഇന്ന് കേരളത്തിലെത്തും.
അതിനുശേഷം ഉടന്‍ തന്നെ കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പരിശോധനയില്‍ കുട്ടി അനുപമയുടേയും ഭര്‍ത്താവ് അജിത്തിന്റേയും ആണെന്ന് തെളിഞ്ഞാല്‍ കുട്ടിയെ ഇവര്‍ക്ക് ഏല്‍പ്പിക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങും. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കുന്നത്. അതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശുക്ഷേമ സമിതി ഓഫീസറിനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: