ജയപാലന് കാര്യാട്ട്
വഴി മറന്നവര്‍ പടി കടന്നെത്തും
വിദൂര സ്വപ്നത്തില്‍ വിഷാദ സന്ധ്യയില്‍
വഴിക്കണ്ണായെന്നും വഴി പിരിഞ്ഞവര്‍
വരുമെന്നോര്‍ത്തൊരു നെടുവീര്പ്പെത്തവേ
വിളിച്ചുണര്ത്തുമെന്നുറച്ച ചിന്തയില്‍
വികാരശൂന്യമാം വിചാരധാരകള്‍.
കൊതിച്ചതില്ലൊന്നും
കൊടുത്തതതൊക്കെയും
ഉദാത്ത ചിന്തയിലുണര്‍ന്ന നന്മകള്.
കതിരവന്‍ കത്തിപ്പടര്ത്തുമഗ്നിയില്
കതിരുകള്‍ കൊത്തി പതിരു ചേറ്റിയും
പിടയും നെഞ്ചിലേക്കുതിരും മുത്തുകള്‍
അലിഞ്ഞെന്നുമുപ്പിന് കണികത്തുണ്ടുകള്.
കരംപിടിച്ചു കാലെടുത്തു വയ്ക്കുവാന്‍
കുടപിടിച്ചുടലുണര്ത്തി നാള്‍ക്കുനാള്‍.
കയങ്ങളില്‍ പൂത്തുവിരിയുമാമ്പലിന്
നയനശോഭയാരര്ന്നുണര്ത്തി
ചിന്തകള്‍.
കരപ്രമാണത്തിന് കണക്കെടുപ്പുകള്‍
വരപ്രസാദമായെടുത്തണിഞ്ഞവര്
പടികളായെണ്ണിച്ചവിട്ടി ക്രൂരമായ്
പിടിച്ചു തള്ളിയിട്ടതിക്രമങ്ങളായ്.
ചൊടിച്ചതില്ലൊട്ടും പിടിപ്പുകേടിന്റെ
മിടിപ്പു മാത്രമായ് നിനച്ചു മാനസം
കൊഴിഞ്ഞ സ്വപ്നത്തില്‍
ചിതയെരിഞ്ഞുയി-
രൊരു പുനര്ജന്മക്കഥയിലാഴുന്നു.
പദസ്വനം കാതോര്ത്തുണര്ന്നുഷസ്സുകള്
പടികടന്നെത്തുമുണര്ത്തു പാട്ടിനായ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: