കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുമായെത്തുന്ന വാഹനങ്ങള്‍ മൂന്ന് മിനിറ്റില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ. നേരത്തെ വാഹനങ്ങള്‍ക്ക് 15 മിനിറ്റ് ആയിരുന്നു സൗജന്യ പാര്‍ക്കിങ് സമയം. ആ സമയം കഴിഞ്ഞാല്‍ 85 രൂപ നല്കിയാല് മതിയായിരുന്നു.
ഇപ്പോള്‍ സമയ ദൈര്‍ഘ്യം 30 മിനിറ്റായി ഉയര്‍ത്തുകയും ഫീസ് 20 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിശദീകരണം. എന്നാല്‍ അതോറിറ്റിയുടെ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ടാണ് കരാറുകാരുടെ നടപടി. യാത്രക്കാരെ ഇറക്കാനും കയറ്റാനും അനുവദിക്കപ്പെട്ട സമയം മൂന്ന് മിനിറ്റായി പരിമിതപ്പെടുത്തിയതോടെ എയര്‍പോര്‍ട്ടിലെത്തിയാല്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. എന്‍ട്രി ഗേറ്റില്‍ നിന്ന് പാസ് വാങ്ങി ഡ്രോപിങ് പോയിന്റിലെത്താന്‍ തന്നെ മൂന്ന് മിനിറ്റിലധികം സമയം വേണം.
മൂന്ന് മിനിറ്റ് കൊണ്ട് വരുന്നവര്‍ വണ്ടിയില്‍ കയറണം, പോകുന്നവര്‍ വണ്ടിയില്‍ നിന്നിറങ്ങണം. ഇതിനുള്ളില്‍ തന്നെ ലഗേജ് കയറ്റുകയും ഇറക്കുകയും വേണം. ഇതിനൊക്കെ അമാനുഷിക കഴിവ് ഉള്ളവര്‍ക്കെ പറ്റൂ എന്നാണ് യാത്രക്കാര്‍ പറയുന്നത്. പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലുമുണ്ടായിരുന്ന ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി. ഇതിനുപകരം സ്വകാര്യ വാഹനങ്ങള്‍ക്ക് ടെര്‍മിനലിന് മുമ്പില്‍ യാത്രക്കാരെ സൗജന്യമായി ഇറക്കുകയോ കയറ്റുകയോ ചെയ്യാമെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: