പാലക്കാട്: എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ആര്‍എസ്എസ് തേനാരി മണ്ഡല് ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവം എന്‍ഐഎ അന്വേഷിക്കണമെന്ന് ആര്‍എസ്എസ്. ഇത്തരം ആസൂത്രിത കൊലപാതകങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇസ്ലാമിക ഭീകരരും സിപിഎമ്മും തമ്മിലുള്ള ധാരണ വ്യക്തമാണ്. സംഭവത്തിലെ ഭീകര ബന്ധം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അന്വേഷിക്കണം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യയാണ് നിലപാട് വ്യക്തമാക്കിയത്. സഞ്ജിത്തിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണ്. ഈ ഭീകരതയെ അപലപിക്കുന്നു. ആര്‍എസ്എസ് ആ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. ജനാധിപത്യപരമായി അധികാരത്തിലെത്തിയ കേരളത്തിലെ സര്‍ക്കാരിന് ഇത്തരം ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ കഴിയുന്നില്ല എന്നത് ദയനീയമായ അവസ്ഥയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇസ്ലാമിക ഭീകരരും സിപിഎമ്മും ധാരണയിലാണെന്ന് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും മന്മോഹന് വൈദ്യ പറഞ്ഞു.
സിപിഎം സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര ബന്ധങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം. സമൂഹത്തിന്റെ സമാധാനവും ഐക്യവും തകര്‍ക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും ഡോ. മന്മോഹന് വൈദ്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: