എല്ലാ മണ്ഡലമാസക്കാലത്തും അരങ്ങേറുന്ന ഒരു അശ്ലീലമാണ് ദേവസ്വം മന്ത്രിയുടെ മലകയറ്റവും ശബരിമല അവലോകന യോഗവും. മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടോ എന്ന് വിലയിരുത്താനാണത്രേ ദേവസ്വം മന്ത്രി മലകയറുന്നത്. മന്ത്രി കമ്മ്യൂണിസ്റ്റാണെങ്കില്‍ വിവാദവും മലകയറും. നടതുറക്കുമ്പോള്‍ തൊഴാതെ ശ്രീകോവിലിന് മുന്നില്‍ കൈകെട്ടി നില്ക്കുക, എല്ലാവരും ശരണം വിളിക്കുമ്പോള്‍ പഞ്ചപുശ്ചമടക്കി മസിലു പിടിച്ചു നില്ക്കുക, തീര്‍ത്ഥം വാങ്ങി കൈകഴുകുക തുടങ്ങിയ കലാപരിപാടികളുമായി കമ്മ്യൂണിസ്റ്റ് മന്ത്രി നിലകൊള്ളും. കുറേക്കാലമായി ഉള്ള ഏര്‍പ്പാടാണിത്.
ഭൗതിക സാഹചര്യം വിലയിരുത്താന്‍ എത്തുന്നവര്‍ അത് ചെയ്താല്‍ പോരെ എന്തിനാണ് ശ്രീകോവിലിന് മുന്നിലേക്ക് തള്ളിക്കയറുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ശ്രീകോവില്‍ എന്നത് ഭഗവാന്റെ വാസസ്ഥലം എന്നാണ് ഭക്തരുടെ വിശ്വാസം. അതിനുള്ളില്‍ ഇരിക്കുന്ന വിഗ്രഹത്തില്‍ ഈശ്വര സാനിധ്യം ഉണ്ടെന്നും അവര്‍ കരുതുന്നു. അതിനാല്‍ നട തുറക്കുമ്പോള്‍ രണ്ടു കയ്യും കൂപ്പി തൊഴുക എന്നത് വിശ്വാസികളെ സംബന്ധിച്ച് പരമപ്രധാനമായ സംഗതിയാകുന്നു. അതിനാല്‍ ശ്രീകോവിലിന് മുന്നില്‍ എത്തുക എന്നത് ഭക്തന്മാര്ക്ക് മാത്രമുള്ള അവകാശമാണ്. ഇവിടേക്കാണ് ഭൗതിക സാഹചര്യം വിലയിരുത്താന്‍ എത്തിയ, തികച്ചും ഭൗതിക വാദിയായ മന്ത്രി തള്ളിക്കയറി വരുന്നത്. ‘കല്യാണത്തിന് താലി ഉണ്ടാക്കാന്‍ നിയോഗിക്കപ്പെട്ട തട്ടാന്‍ താലികെട്ടാന്‍’ ശ്രമിക്കുന്നത് പോലെ അനുചിതമാണ് ഇതെന്ന് മന്ത്രിയും പരിവാരങ്ങളും മനസിലാക്കണം.
സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെങ്കില്‍ മന്ത്രിയ്ക്ക് ശ്രീകോവിലിന് മുന്നില്‍ യാതൊരു കാര്യവുമില്ല. അവിടം ഭക്തര്‍ക്കും ശാന്തിക്കാര്‍ക്കും തന്ത്രിക്കും ഒക്കെയുള്ള സ്ഥലമാണ്. അവിടെ ഒരു സൗകര്യവും മന്ത്രിയോ ദേവസ്വംബോര്‍ഡോ ഒരുക്കേണ്ടതില്ല. ആ സാഹചര്യത്തില്‍ മന്ത്രിയുടെ വരവിന്റെ ഉദ്യേശ്യം അയ്യപ്പ ദര്‍ശനം കൂടിയാണ് എന്ന് സമ്മതിക്കണം. അങ്ങനെ ആയാല്‍ അയ്യപ്പനെ കാണാന്‍ ശ്രീകോവിലിന് മുന്നില്‍ എത്തുമ്പോള്‍ കൈ തൊഴുകയാണ് ഉചിതം. (ആത്മീയതയിലും പ്രതീകങ്ങളിലും വിശ്വസിക്കുന്നില്ലെങ്കില്‍ രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ചെല്ലുമ്പോള്‍ മുഷ്ടി ചുരുട്ടുന്നത് എന്തിനാണ് എന്ന് ചോദിക്കുന്നില്ല.) അല്ലാതെ വെറുതേ കണ്ട് രസിക്കാന്‍ അവിടെ സിനിമ ഒന്നും പ്രദര്‍ശിപ്പിക്കുന്നില്ലല്ലോ?.
‘ദേവസ്വം’ എന്നാല്‍ ‘ദേവന്റെ സ്വന്തം’ എന്നാണ് അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ ദേവനാണ് ഈ വകുപ്പിന്റെ മേലധികാരി, അഥവാ സ്വാമി. മേലധികാരിയെ കാണുമ്പോള്‍ ആദരം പ്രകടിപ്പിച്ച് ശീലമില്ലാത്ത ആളൊന്നുമല്ലല്ലോ മന്ത്രി. (പാര്‍ട്ടി കമ്മിറ്റിക്ക് ചെല്ലുമ്പോള്‍ ഉള്ള കാര്യം തന്നെയാണ്.) കാണുമ്പോള്‍ കുമ്പിട്ടില്ലെങ്കില്‍ പൊട്ടക്കുഴി (എ.കെ.ജി സെന്റര്‍ നില്ക്കുന്ന സ്ഥലം) സ്വാമിയെ പോലെ ഈ സ്വാമി ശാസിക്കുകയോ പുറത്താക്കുകയോ ചെയ്യില്ല എന്ന് മന്ത്രിക്ക് ആശ്വസിക്കാം. കാരണം ‘തുല്യനിന്ദാ സ്തുതിര്‍ മൗനി’ എന്ന തത്വമാണ് ശബരിമല സ്വാമിയുടേത്. പൊട്ടക്കുഴി സ്വാമിയേപ്പോലെ സ്റ്റാലിനിസ്റ്റ് തത്വമല്ല എന്ന് ചുരുക്കം.
അപ്പോ ഇതൊക്കെ ഒരു ഔചിത്യത്തിന്റെ പ്രശ്നമാണ്. വിശ്വാസിയേയും അവിശ്വാസിയേയും ഒരു പോലെ കാണുന്നവനാണ് അയ്യപ്പന്. താങ്കള്‍ തീര്‍ത്ഥം കുടിച്ചാലും ഇല്ലെങ്കിലും തൊഴുതാലും ഇല്ലെങ്കിലും ഒന്നും ഒലിച്ചു പോകുന്നതല്ല ക്ഷേത്ര ചൈതന്യ രഹസ്യം. അയ്യപ്പനെ തൊഴാതെ വാവര് നടയില്‍ എത്തി നട്ടെല്ല് വള!ഞ്ഞ് അനുഗ്രഹം വാങ്ങുന്ന താങ്കളുടെ ചിത്രം കണ്ടപ്പോള്‍ ഒരു അസ്വാഭാവികത തോന്നി. അതുകൊണ്ടാണ് ഇത്രയും എഴുതിയത്. അവിടെയും മന്ത്രി നിലപാട് ഉയര്‍ത്തി പിടിച്ചിരുന്നു എങ്കില്‍ അദ്ദേഹത്തോടുള്ള ആദരം കൂടിയേനേ. പക്ഷേ വാവരെ വണങ്ങാം അയ്യപ്പനെ തൊഴാന്‍ പാടില്ല എന്ന കമ്മ്യുണിസ്റ്റ് പ്രഖ്യാപനം ആരെ പ്രീണിപ്പിക്കാനാണെങ്കിലും അത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അശ്ലീലമായിപ്പോയി എന്ന് പറയട്ടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: