ചന്ദ്രോപരിതലത്തിന്റെ മാപ്പ് തയ്യാറാക്കുന്ന നാസയുടെ ലൂണാര്‍ റെക്കോണിസന്‍സ് ഓര്‍ബിറ്ററുമായുള്ള (എല്‍ആര്‍ഒ) കൂട്ടിയിടി ഒഴിവാക്കാന്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ അതിന്റെ ഭ്രമണപഥത്തില്‍ മാറ്റം വരുത്തി. ഒക്ടോബര്‍ 18നാണ് ഭ്രമണപഥം മാറ്റിയത്.
ഒക്ടോബര്‍ 20ന് രാവിലെ 11:15 ന് ഐഎസ്ആര്‍ഓയുടെ ചന്ദ്രയാന്‍ രണ്ടും നാസയുടെ എല്‍ആര്‍ഒയും തമ്മില്‍ വളരെ അടുത്തു വരാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് രണ്ട് ബഹിരാകാശ ഏജന്‍സികളും ചേര്‍ന്ന് ഉപഗ്രഹങ്ങളുടെ സഞ്ചാരപാതയില്‍ മാറ്റം വരുത്താന്‍ ധാരണയിലെത്തി. ഇരു ഉപഗ്രഹങ്ങള്‍ക്കും പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപാതയില്‍ മാറ്റം വരുത്താനാണ് നാസയും ഐഎസ്ആര്‍ഓയും തമ്മില്‍ ധാരണയായത്.
ഉപഗ്രഹങ്ങള്‍ അടുത്ത് വരുന്നതിന് ഒരാഴ്ച മുമ്പാണ് പാതയില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്. ഭ്രമണപഥം അത് പോലെ തന്നെ പിന്തുടര്ന്നിരുന്നുവെങ്കില് ചന്ദ്രയാന്‍ രണ്ടും എല്‍ആര്‍ഒയും മൂന്ന് കിലോമീറ്റര്‍ വരെ അടുത്ത് വന്നേനെ. പുതിയ പാതയില്‍ രണ്ട് ഉപഗ്രഹങ്ങളും തമ്മില്‍ അടുത്ത് വരാന്‍ സാധ്യതയില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങള്‍ മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ഇത്തരം ഭ്രമണപഥ തിരുത്തലുകള്‍ വരുത്തുന്നത് സാധാരണമാണ്. എന്നാല്‍ ഐഎസ്ആര്‍ഒയുടെ ഒരു ഗ്രഹാന്തര പര്യവേഷണ ദൗത്യത്തിന് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നത് ആദ്യ സംഭവമാണ്.
ചന്ദ്രന്റെ ഉപരിതല ഘടനയിലെ വ്യതിയാനങ്ങളും ചന്ദ്രജലത്തിന്റെ സ്ഥാനവും സമൃദ്ധിയും മാപ്പ് ചെയ്യുകയും പഠിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രധാന ലക്ഷ്യം. 2019 ഓഗസ്റ്റ് 20 നാണ് ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: