തിരുവനന്തപുരം : സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇന്ന് എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല.
എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മണിക്കൂറുകളിലെ ശക്തമായ മഴയുടെയും വെള്ളക്കെട്ടിന്റേയും പശ്ചാത്തലത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ സ്കൂളുകള്‍ക്കും ഇന്ന് അവധിയാണ്. എംജി, കേരള സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 141 അടിയോട് അടുത്താണ് ജലനിരപ്പ്. രാവിലെ 140.50 അടിയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമായതോട് കൂടിയാണ് ജലനിരപ്പ് ഉയര്‍ന്നത്.
മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് ഇപ്പോഴും വെള്ളം കൊണ്ടു പോകുന്നുണ്ട്. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. 141 അടിവരെയാണ് ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ജലനിരപ്പ് 140 അടി പിന്നിട്ട സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ ഏത് നിമിഷവും ഉയര്‍ത്തിയേക്കാം. ഈ സാഹചര്യത്തില്പെരിയാര് തീരത്തുള്ളവര്‍ക്ക് നല്കിയ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ഷട്ടര്‍ തുറന്ന് നാല്‍പ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും ജലനിരപ്പില്‍ കുറവ് വന്നിട്ടില്ല. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇനിയും വൃഷ്ടിപ്രദേശത്ത് ഇതേ രീതിയില്‍ നീരൊഴുക്ക് തുടരുകയാണെങ്കില്‍ രണ്ടു ഷട്ടറുകളും ഉയര്‍ത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: