വി. ഹരികൃഷ്ണന്
സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നു ഒരു റിലീസ് ആണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’, ജീവിച്ചിരിപ്പുണ്ടേല്‍ സാക്ഷാല്‍ സുകുമാര കുറുപ്പും. കഥ എല്ലാവര്‍ക്കുമറിയാവുന്ന സിനിമ, എന്നാല്‍ അതിന്റെ ക്ലൈമാക്സ് അറിയാനുള്ള ആകാംഷ. അതായിരുന്നു ‘കുറുപ്പ്’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളിയും.
എന്നാല്‍ അതിനെ മറികടന്നുവെന്നാണ് തീയേറ്റര്‍ നിറയുന്ന ജനസഞ്ചയം സൂചിപ്പിക്കുന്നത്. അതെ ക്രൂരനായ കുറുപ്പിനെ ജനം ഏറ്റെടുത്തിരിക്കുന്നു. കുറുപ്പ് നായകനല്ലെന്നു തിരിച്ചറിഞ്ഞു തന്നെയാണ് സംവിധായകന് ശ്രീനാഥ് രാജേന്ദ്രന് സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായി കുറുപ്പ് മാറിയതെങ്ങനെയെന്നു ചിത്രം വ്യക്തമാക്കുന്നു.
ഇനി യഥാര്‍ത്ഥ കഥ ഇങ്ങനെ: 1984 ജനുവരി 22 നു മാവേലിക്കര കുന്നത്തിനു സമീപം പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ അംബാസിഡര്‍ കാറില്‍ നിന്നും ഒരു മൃതദേഹം ലഭിക്കുന്നു. ചെറിയനാട് സ്വദേശിയായ സുകുമാരകുറുപ്പിന്റേതാണ് മൃതദേഹമെന്നു ആദ്യമേ സംശയമുയര്‍ന്നെങ്കിലും ചാക്കോ എന്ന ഫിലിം റെപ്രസെറേറ്റീവിന്റേതാണെന്നു അന്വേഷണത്തില്‍ വ്യക്തമായി. ചാക്കോയെ കൊന്നശേഷം അത് കുറുപ്പാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം.
അബുദാബിയില്‍ ജോലി നോക്കിയിരുന്ന കുറുപ്പിന്റെ പേരിലുള്ള 3,01,616 ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് തുക(ഏകദേശം 30 ലക്ഷം ഇന്ത്യന്‍ രൂപ) തട്ടിയെടുക്കുകയെന്ന ഗൂഢലക്ഷ്യമായിരുന്നു കൊലയ്ക്കു പിന്നില്‍. ഭാസ്കരപിള്ളയെന്ന ഭാര്യാസഹോദരനും പൊന്നച്ചനെന്ന കാര്‍ ഡ്രൈവറും ഷാഹു എന്ന കുറുപ്പിന്റെ ഓഫീസ് ബോയിയും കൃത്യത്തില്‍ പങ്കാളികളായി. ഇവര്‍ പിടിയിലായെങ്കിലും കുറുപ്പിനെ കുടുക്കാന്‍ ഇന്നും പോലീസിനായിട്ടില്ല. 37 വര്‍ഷമായി കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരുന്നു.
സിനിമയില്‍ സുധാകരക്കുറുപ്പായി ദുല്‍ക്കര്‍ സല്മാന് എത്തുമ്പോള്‍ ഭാര്യ ശാരദയായി ശോഭിത ധുലിപാലയും ഭാസിപിള്ള, പൊന്നപ്പന്, സാബു എന്നിവരായി യഥാക്രമം ഷൈന്‍ ടോം ചാക്കോ, വിജയകുമാര്‍ പ്രഭാകരന്, ശിവജിത് എന്നിവര്‍ വേഷമിടുന്നു. ചാര്‍ലിയെ ടോവിനോ തോമസ് അവതരിപ്പിക്കുമ്പോള്‍ ഭാര്യയായി അനുപമ പരമേശ്വരന് എത്തുന്നു.കേസിന്റെ അന്വേഷണചുമതലയുള്ള കൃഷ്ണദാസിലൂടെയാണ്(ഇന്ദ്രജിത്ത്) കഥ വികസിക്കുന്നത്. തികച്ചും നാടകീയവും എന്നാല്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ജിതിന് കെ ജോസ്, കെ എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ചലച്ചിത്രഭാഷ്യം രചിച്ചിരിക്കുന്നത്.
ഓരോ സീനിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന അഭിനയമാണ് ഷൈന്‍ ടോം ചാക്കോ കാഴ്ച വച്ചിരിക്കുന്നത്. തന്ത്രശാലിയും കൗശലക്കാരനായ കുറുപ്പായി ദുല്‍ഖര്‍ ജീവിച്ചപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശരീരഭാഷയും സംസാരശൈലിയുമായി ഇന്ദ്രജിത് തന്റെ വേഷം വേറിട്ടതാക്കി. കഥാസന്ദര്ഭങ്ങള്ക്കു അനുസൃതമായി നില്ക്കുന്ന സുഷിന് ശ്യാമിന്റെ സംഗീതവും ബാക്ഗ്രൗണ്ട് സ്കോറും എടുത്ത് പറയണം.
1984 കാലഘട്ടവും സ്ഥലങ്ങളും മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ ടീം നന്നായി പണിയെടുത്തിട്ടുണ്ട്. 2012 ല്‍ ആദ്യ ചിത്രമായ സെക്കന്റ് ഷോയുമായി എത്തിയ ശ്രീനാഥ് 2021 ല്‍ കുറുപ്പുമായി എത്തിയിരിക്കുന്നത് ശെരിക്കും ഹോംവര്‍ക് ചെയ്ത് തന്നെയാണ്. ‘കുറുപ്പ്’ കൊള്ളാമെന്നു പ്രേക്ഷകര്‍ പറയുന്നുണ്ടെങ്കില്‍ അതിനുള്ള കൈയടിയ്ക്ക് അര്‍ഹന്‍ ശ്രീനാഥ് തന്നെയാണ്. ക്ലൈമാക്സ് ശെരിക്കും നല്ലയൊരു ട്വിസ്റ്റാണെങ്കിലും എവിടെയോ ഒരു ലൂസിഫര്‍ ഇഫക്ട് അനുഭവപ്പെടും. ഇവിടെ സിനിമ അവസാനിക്കുകയല്ലെന്നാണ് ക്ലൈമാക്സ് നല്കുന്ന സൂചന. ഒരുപക്ഷെ മറ്റൊരു പേരില്‍ കുറുപ്പ് വീണ്ടും എത്തിയേക്കും, ഒളിച്ചോട്ടം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: