ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് തന്റെ പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഇസ്ലാമിക ഭീകരസംഘടനകളോട് താരതമ്യം ചെയ്തതിനെതിരെ പരാതി. ‘സണ്‍റൈസ് ഓവര്‍ അയോധ്യ’ എന്ന തന്റെ പുസ്തകത്തിലാണ് സല്മാന് ഖുര്‍ഷിദ് ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളോട് ഉപമിച്ചത്. ഇതിനെതിരെ അഭിഭാഷകന് വിവേക് ഗാര്‍ഗാണ് ദല്‍ഹി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും തീവ്രമായ ഇസ്ലാമിക സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളില്‍ അവര്‍ക്ക് പങ്കുണ്ട്. പ്രാചീന ഹിന്ദുമതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു രാഷ്ട്രീയ രൂപമാണ് ഹിന്ദുത്വമെന്നാണ് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടത്. ഹിന്ദു മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് ഇസ്ലാമിക ഭീകര സംഘടനകളായ ഐഎസ്ഐഎസിനും ബോക്കോ ഹറാമിനും തുല്യമാണെന്നും ഖുര്‍ഷിദ് പറഞ്ഞു. പുസ്തകത്തിലെ ‘ദ സാഫ്റഓണ് സ്കൈ’ എന്ന അധ്യായത്തിലാണ് ഖുര്‍ഷിദ് ഈ പരാമര്‍ശം നടത്തിയത്.
രാമജന്മ ഭൂമി പ്രസ്ഥാനത്തെ അയോധ്യ സാഗാ എന്ന് പരാമര്‍ശിച്ച ഖുര്‍ഷിദ്, രാം ലല്ല വിരാജ്മാനിന് അനുകൂലമായ സുപ്രീം കോടതി വിധിയെ ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തിന്റെ രീതികളെ തകിടം മറിക്കുന്നതുപോലെയാണെന്നും പറയുകയുണ്ടായി. ഋഷിമാരും സന്യാസിമാരും ആചരിച്ചു വന്ന സനാതന ധര്‍മ്മവും പ്രാചീന ഹിന്ദു മതാചാരങ്ങളും തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ ഹിന്ദുത്വം. ഇത് എല്ലാ തരത്തിലും ഇസ്ലാമിക് സ്റ്റേറ്റ് ബോക്കോഹറം തുടങ്ങിയ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ജിഹാദി സമീപനത്തിന് സമാനമായ രാഷ്ട്രീയ പതിപ്പാണെന്നും പുസ്തകത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: