തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ‘മരടില്‍’ വിധിയായി. കണ്ണന് താമരക്കുളത്തിന്റെ ‘മരട് 357’ ഇനി ‘വിധി’ (വിധി ദി വെര്‍ടിക്ട്) യായി പുറത്തിറങ്ങും. കൊവിഡ് കാലവും നിയമയുദ്ധവും കഴിഞ്ഞ് നവംബര്‍ 25 നാണ് ചിത്രം തീയറ്ററിലെത്തുക.
സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് പൊളിച്ചുമാറ്റേണ്ടി വന്ന മരട് ഫ്ളാറ്റ് നിവാസികളുടെ ജീവിതവും സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രത്തിന്റെ ആദ്യ റിലീസ് കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും റിലീസ് ഡേറ്റ് നിശ്ചയിച്ചപ്പോള്‍ സിനിമ റിലീസാവുന്നത് 48 മണിക്കൂര്‍ മുമ്പ് വിവാദ ഫ്ളാറ്റ് നിര്‍മാതാക്കള്‍ സിനിമയ്ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
മരടിലെ ഗോള്‍ഡന്‍ കായലോരം, ജെയിന് കോറല്‍ കോവ്, ആല്‍ഫ സെറിന്‍, ഹോളിഫെയ്ത്ത് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇടിച്ചു നിരത്തിയത്. ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കോടതിയില്‍ കേസും നിലവിലുണ്ട്. കേസിന്റെ വിചാരണ നടക്കുന്ന സാഹചര്യത്തില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഫ്ളാറ്റ് നിര്‍മാതാക്കള്‍ മുന്‍സിഫ് കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് നേടുകയായിരുന്നു.
തുടര്‍ന്ന് കേസ് ജില്ലാ കോടതിയിലും ഹൈക്കോടതിയിലുമെത്തി. ഹൈക്കോടതി കേന്ദ്ര സിനിമാ മന്ത്രാലയത്തോട് സിനിമ പരിശോധിക്കാനും നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ വിശദമായി പരിശോധിച്ച ശേഷം സിനിമയുടെ പേരില്‍ മാറ്റാന്‍ വരുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. സിനിമയില്‍ പ്രതിപാദിച്ചിരുന്ന തീയതികളിലും സമയങ്ങളിലും മാറ്റം വരുത്തി കോടതിയുടെ അനുമതിയോടെ ചിത്രം തീയേറ്ററുകളിലെത്തുന്നത്.
ധര്മ്മജന്, അനൂപ് മേനോന്, മനോജ് കെ. ജയന്, ഷീലു എബ്രഹാം, നൂറിന് ഷെറീഫ്, സുധീഷ്, ബൈജു സന്തോഷ്, ഹരീഷ് കണാരന് തുടങ്ങി വന്‍ താരനിരയുള്ള ചിത്രത്തിന്റെ നിര്‍മാതാക്കള്‍ എബ്രഹാം മാത്യുവും സുദര്ശന് കാഞ്ഞിരംകുളവുമാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം 2020 ജനുവരിയിലാണ് മരട് ഫ്ളാറ്റ് സമുച്ചയം ഇടിച്ചുനിരത്തിയത്.
സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ കെട്ടിട ഉടമകള്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് നല്കിയ 120 കോടി രൂപയില്‍ 91 കോടി രൂപ ഇതിനകം ഉടമകള്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്. പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ള 272 ഫ്ളാറ്റുകള്‍ക്ക് കെട്ടിടനിര്‍മാതാക്കളില്‍ നിന്ന് പണം ഈടാക്കി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: