മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് വലിയ അഴിമതിയാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല. വിവരം പുറത്തായതോടെ സര്‍ക്കാരിന്റെ അറിവോടെയല്ല ഉത്തരവിറങ്ങിയതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് വാദിക്കുന്നത് പരിഹാസ്യമാണ്. വനംമന്ത്രി അറിഞ്ഞിട്ടില്ലായിരിക്കാം. വനംമന്ത്രി അറിയാതെ ഇത്തരം അഴിമതികള്‍ മുന്‍പും നടന്നിട്ടുണ്ടല്ലോ. വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിനുശേഷം മന്ത്രി ശശീന്ദ്രന് നടത്തുന്ന ബാലിശമായ വാദങ്ങള്‍ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതാണെന്നേ കേള്‍ക്കുന്നവര്‍ക്ക് തോന്നൂ.
അന്തര്‍സംസ്ഥാന നദീജല കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ കീഴിലായതിനാല്‍ പിണറായി അറിയാതെ ഇത്തരമൊരു ഉത്തരവ് ഉദ്യോഗസ്ഥര്‍ ഇറക്കില്ലെന്ന് വ്യക്തമാണ്. ഉത്തരവ് റദ്ദാക്കണമെന്ന വനംമന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നതുതന്നെ ഇതിനു തെളിവാണല്ലോ. സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്ന ‘ഉദ്യോഗസ്ഥരുടെ വാദം’- മുഖ്യമന്ത്രി മുഖവിലയ്ക്കെടുക്കുന്നതും, നിയമപരമായ പരിശോധന നടത്താതെ ഉത്തരവ് റദ്ദാക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കുന്നതും എന്തുകൊണ്ടാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. മുഖ്യമന്ത്രി പറയുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങേണ്ട സാഹചര്യം വ്യക്തിപരമായും രാഷ്ട്രീയമായും മന്ത്രി ശശീന്ദ്രനുണ്ട്. ആദ്യമന്ത്രിസഭയില്‍നിന്ന് പുറത്തായ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയത്, ഇങ്ങനെ ചില പ്രയോജനങ്ങള്‍ മുന്നില്‍ക്കണ്ടാണെന്ന് ശശീന്ദ്രന് നന്നായറിയാം. അധികാരം ഇട്ടെറിഞ്ഞുപോരാനുള്ള രാഷ്ട്രീയ ധാര്‍മികതയൊന്നും ഈ മന്ത്രിയില്‍ അവശേഷിച്ചിട്ടില്ലെന്ന് ആര്‍ക്കാണറിയാത്തത്.
മരം മുറിക്കാന്‍ അനുവദിച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചത് മുഖ്യമന്ത്രി പിണറായിക്കാണ്. എല്ലാം പിണറായി അറിഞ്ഞുകൊണ്ടാണെന്നതിന് ഇതില്‍പ്പരം തെളിവുകള്‍ വേണ്ട. ഉത്തരവ് റദ്ദാക്കാതെ മരവിപ്പിക്കുക മാത്രം ചെയ്തിട്ടുള്ളതും ഇതിനാലാണ്. ഗുരുതരമായ നിയമലംഘനമാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. പ്രത്യക്ഷത്തില്‍ കാണുന്നതിനെക്കാള്‍ വലിയ രഹസ്യ ഇടപാടുകള്‍ ഇതിനു പിന്നിലുണ്ടാവാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മുന്‍കാലങ്ങളില്‍ തമിഴ്നാട് സര്‍ക്കാരുകള്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളെ വിലയ്ക്കെടുത്തിട്ടുള്ള ചരിത്രമുണ്ട്. ഇവിടെയും അങ്ങനെ സംഭവിച്ചിരിക്കാനുള്ള സാധ്യത വളരെയേറെയാണ്. ഇതിനൊന്നും നിന്നുകൊടുക്കുന്നവരല്ല സിപിഎമ്മും പിണറായി വിജയനുമെന്നും അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലല്ലോ.
എസ്എന്‍സി ലാവ്ലിന് മുതല്‍ ഇങ്ങോട്ടുള്ള സിപിഎമ്മിന്റെയും പിണറായിയുടെയും ട്രാക്ക് റെക്കോര്‍ഡ് വിളിച്ചുപറയുന്നതും മറ്റൊന്നല്ല. അഴിമതി പുറത്താവുമ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്നത് പിണറായി സര്‍ക്കാരിന്റെ അടവുനയം തന്നെയാണ്. ഇതാകട്ടെ ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയുടെ ഭാഗവുമാണ്. അന്വേഷണങ്ങള്‍ എത്രതന്നെ നടന്നാലും അതൊക്കെ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഹസനങ്ങള്‍ മാത്രമാണെന്നും, തങ്ങള്‍ ശിക്ഷിക്കപ്പെടുന്ന പ്രശ്നമില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് നന്നായറിയാം. ഏറിയാല്‍ ഒരു സ്ഥലംമാറ്റം, അല്ലെങ്കില്‍ സസ്പെന്ഷന്. ഒരാനുകൂല്യവും നഷ്ടപ്പെടാതെ പൂര്‍വ്വാധികം ശക്തിയോടെ സര്‍വീസില്‍ തിരിച്ചെത്തുമെന്ന ദൃഢവിശ്വാസമാണ് ഉദ്യോഗസ്ഥരെ നയിക്കുന്നത്.
അഴിമതി മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെപ്പോലും അപകടപ്പെടുത്തുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മരം മുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ ബേബി ഡാം ബലപ്പെടുത്താനുള്ള അവസരമാണ് തമിഴ്നാടിന് കൈവരുന്നത്. ഇത് കേരളത്തിന്റെ മുന്‍ നിലപാടുകളെ നിരാകരിക്കുന്നതാണ്. ബേബി ഡാമിനെ ബലപ്പെടുത്തി മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഇത് കേരളം അംഗീകരിച്ചിരുന്നില്ല. കാരണം പുതിയ അണക്കെട്ട് എന്ന ആവശ്യം ഇതോടെ ദുര്‍ബലപ്പെടും. മുല്ലപ്പെരിയാറില്‍ വേണ്ടത് പുതിയ അണക്കെട്ട് മാത്രമാണെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അതിലൂടെ മാത്രമേ കഴിയൂ എന്നുമാണ് സിപിഎം പറഞ്ഞുവന്നിരുന്നത്.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതിനായി ഒരു ബില്ലും അന്നത്തെ ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രന് അവതരിപ്പിക്കുകയുണ്ടായി. ഇതുതന്നെയായിരുന്നു പിണറായിയുടെയും നിലപാട്. മുല്ലപ്പെരിയാറില്‍ ആശങ്കകള്‍ക്ക് കാരണമില്ലെന്നും, അടിസ്ഥാനരഹിതമായ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കരുതെന്നും മുന്നറിയിപ്പിന്റെ സ്വരത്തിലാണ് മുഖ്യമന്ത്രി നിയമസഭയ്ക്കകത്തും പുറത്തും പ്രസ്താവനകള്‍ നടത്തിയത്. ഈ ദിശയിലാണ് ബേബിഡാമില്‍ മരം മുറിക്കാനുള്ള ഉത്തരവ് തമിഴ്നാടിന് അനുകൂലമായി പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ തങ്ങള്‍ക്ക് ഒരു പ്രശ്നമല്ലെന്ന് ഇതോടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇങ്ങനെയൊരു ഗുരുതരമായ കുറ്റം ചെയ്ത സര്‍ക്കാരിനെ, പതിവുപോലെ ജനങ്ങളെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ അനുവദിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: