മുംബൈ: നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ മുംബൈ മേഖലാ മേധാവി സമീര്‍ വാങ്കഡെയുടെ അച്ചനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച നവാബ് മാലിക്കിനോട് വിശദീകരണം തേടി ബോംബെ ഹൈക്കോടതി. സമീര്‍ വാങ്കഡെയുടെ അച്ഛന് ധന്യദേവ് വാങ്കഡെ നവാബ് മാലിക്കിനെതിരെ നല്കിയ 1.25 കോടിയുടെ മാനനഷ്ടക്കേസിലാണ് മുംബൈ ഹൈക്കോടതിയുടെ ഈ വിധി.
സമീര്‍ വാങ്കഡെയുടെ അച്ചന് മുസ്ലിമാണെന്നും അദ്ദേഹത്തിന്റെ പേര് ദാവൂദ് എന്നാണെന്നും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. മാത്രമല്ല, മുസ്ലിമായിരിക്കെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇന്ത്യന്‍ റവന്യു സര്‍വ്വീസില്‍ സമീര്‍ വാങ്കഡെ ജോലി വാങ്ങിയതെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിനാണ് നവാബ് മാലിക്കിനെതിരെ ധന്യദേവ് വാങ്കഡെ മാനനഷ്ടക്കേസ് നല്‍കിയത്. ഒരു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നവാബ് മാലിക്കിനോട് ആവശ്യപ്പെട്ടത്. നവാബ് മാലിക്ക് ഇത് സംബന്ധിച്ചെഴുതിയ ലേഖനങ്ങള്‍, ട്വീറ്റുകള്‍, അഭിമുഖങ്ങള്‍ എന്നിവ റദ്ദാക്കാനും ധന്യദേവ് വാങ്കഡെ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോപണം ഉന്നയിച്ച ട്വീറ്റില്‍ സമീര്‍ വാങ്കഡെയുടെ ഒരു ജാതി സര്‍ട്ടിഫിക്കറ്റും നവാബ് മാലിക്ക് പങ്കുവെച്ചിരുന്നു. അതില്‍ വാങ്കഡെയുടെ അച്ഛന്റെ പേര് ദാവൂദ് എന്നാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ധന്യദേവ് വാങ്കഡെ പറയുന്നു.
മാലിക് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നും ധന്യദേവ് വാങ്കഡെയ്ക്കും കുടുംബത്തിനുമെതിരെ ദിവസേനയെന്നോണം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നും അതുകൊണ്ടാണ് മാനനഷ്ടത്തിന് കേസ് നല്‍കിയതെന്നും ധന്യദേവ് വാങ്കഡെയുടെ അഭിഭാഷകന് അര്‍ഷാദ് ഷെയ്ഖ് വാദിച്ചു. സച്ചിന് വാങ്കഡെയുടെ അച്ഛന് ധന്യദേവ് ഹിന്ദുവും അമ്മ മുസ്ലിമുമാണ്. ധന്യദേവ് മുസ്ലിമാണെന്ന നവാബ് മാലിക്കിന്റെ പ്രസ്താവന അഭിമാനക്ഷതമുണ്ടാക്കുന്നതാണെന്നും അഭിഭാഷകന് വാദിച്ചു. തിങ്കളാഴ്ച മാലിക് വീണ്ടും സമീര്‍ വാങ്കഡെയുടെ ഭാര്യാസഹോദരി ഹര്‍ഷദ ദിനനാഥ് റെഡ്കര്‍ മയക്കമുരുന്ന് കടത്തിന് കേസുള്ള വ്യക്തിയാണെന്നും നവാബ് മാലിക്ക് ആരോപണമുയര്‍ത്തിയിരുന്നു. ഇക്കാര്യവും അഭിഭാഷകന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: