കോഴിക്കോട് : കേരളത്തില്‍ ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ കോണ്‍ഗ്രസ് നടത്തിയ ചക്ര സ്തംഭന സമരത്തില്‍ ഉദ്ഘാടകനും കുടുങ്ങി. കോഴിക്കോട് മാനാഞ്ചിറയില്‍ നടത്തിയ ചക്രസ്തംഭന സമരത്തിന് എത്തേണ്ടിയിരുന്ന കെ. മുരളീധരന് എംപിക്കാണ് വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സമയത്ത് എത്താന്‍ സാധിക്കാതിരുന്നത്.
മാനാഞ്ചിറയില്‍ 11 മണിക്ക് പരിപാടി ആരംഭിച്ച് 15 മിനിട്ട് ഗതാഗതം നിര്‍ത്തിവെയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനായി എംപി സ്ഥലത്തേയ്ക്ക് പുറപ്പെട്ടെങ്കിലും കോണ്‍ഗ്രസ് സമരത്തില്‍ മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഗതാഗത തടസം ഉണ്ടായപ്പോള്‍ അദ്ദേഹവും വഴിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പരിപാടി കഴിഞ്ഞ് 11.25 ഓടെ വാഹനങ്ങള്‍ കടത്തി വിടാന്‍ തുടങ്ങിയശേഷമാണ് എംപി സ്ഥലത്ത് എത്തിയത്.
പരിപാടിക്കെത്താന്‍ താന്‍ വൈകിയതല്ലെന്നും എല്ലാവരും സമരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വാഹനം നിര്‍ത്തിയിട്ടാണ്. അതിനാലാണ് പരിപാടി സ്ഥലത്തേയ്ക്കെത്താന്‍ വൈകിയതെന്നും മുരളീധരന് അറിയിച്ചു.
കക്കുന്നവരെ തുറന്നുകാട്ടുന്നതിനായാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ഇന്ധന നികുതി ഇനിയും പിന്‍വലിച്ചില്ലെങ്കില്‍ 15 മിനിട്ട് സമരമായിരിക്കില്ല ഇനി കാണുക. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറക്കാത്തത് എന്തുകൊണ്ടാണെന്നാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ചോദിക്കുന്നത്. പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിലക്കുറച്ചു. മറ്റ് കോണ്‍ഗ്രസ് സര്‍ക്കാരുകളും നികുതി കുറക്കാനിരിക്കുകയാണ്. കേരള സര്‍ക്കാര്‍ ചെയ്യുമോയെന്നും മുരളീധരന് ചോദിച്ചു.
അതേസമയം ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിനിടെ പാലക്കാട് സംഘര്‍ഷം. പാലക്കാട് സുല്‍ത്താന്‍ പേട്ട് ജങ്ഷനില്‍ വെച്ച് നടന്ന സമരത്തിനിടെ വി.കെ. ശ്രീകണ്ഠന് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. മറ്റ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
നാല് റോഡുകള്‍ ഒരുമിച്ച് ചേരുന്ന സുല്‍ത്താന്‍ പേട്ട് ജങ്ഷനില്‍ സമരം നടത്താനാവില്ലെന്ന് പോലീസ് അറിയിച്ചു. സമരത്തിനായി തങ്ങള്‍ നിശ്ചയിച്ചത് ഇവിടെയാണ്. ഈ സ്ഥലത്തുവെച്ച് തന്നെ സമരം നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇത് വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: