ബാംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമി തലപ്പത്തേയ്ക്ക് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ് എത്തുമെന്ന് സൂചന. നിലവില്‍ ദ്രാവിഡാണ് അക്കാദമിയുടെ ഡയറക്ടര്‍. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഹെഡ്കോച്ചായി ചുമതലയേല്‍ക്കുന്നതോടെ വരുന്ന ഒഴിവിലേയ്ക്കാണ് ലക്ഷ്മണെ പരിഗണിക്കുന്നത്.
ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ലക്ഷ്മണിന്റെ പേര് സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. ബോര്‍ഡ് സെക്രട്ടറി ജയ് ഷായ്ക്കും താത്പര്യം ലക്ഷ്മണിനെയാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ലക്ഷ്മണിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
വലംകൈ ബാറ്റ്സ്മാനായ ലക്ഷ്മണ് രഞ്ജിയില്‍ ഹൈദരാബാദിനായി ബാറ്റ് വീശിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേയ്ക്ക് എത്തുന്നത്. ഇന്ത്യയ്ക്കായി 134 ടെസ്റ്റ് മാച്ചിലും 86 ഏകദിനത്തിലും പാഡണിഞ്ഞു. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മധ്യനിരയിലെ വന്മതിലായാണ് ലക്ഷ്മണ് അറിയപ്പെട്ടിരുന്നത്. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനും കൊച്ചി ടസ്കേഴ്സ് കേരളയ്ക്കും വേണ്ടി കളിച്ചു. നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉപദേശകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: