ആലപ്പുഴ: ജീവിത ശൈലി രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു. എ.എം. ആരിഫ് എംപിയുടെ എം.പി ഫണ്ടില്‍ നിന്നും നല്കിയ എട്ട് ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫ് ആലപ്പുഴ കളക്ടറേറ്റ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ് ജീവിത ശൈലി രോഗങ്ങള്‍. കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഏറെപ്പെരും ഇത്തരം രോഗങ്ങള്‍ ഉണ്ടായിരുന്നവരാണ്. രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള കാമ്പയിനുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കും.
കൊവിഡ് ചികിത്സാ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കാന്‍ ആലപ്പുഴ ജില്ലയ്ക്ക് സാധിച്ചെന്ന് മന്ത്രി വിലയിരുത്തി. ആംബുലന്‍സുകളുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു. എ.എം. ആരിഫ് എംപി അധ്യക്ഷനായി. എംഎല്‍എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, ദലീമ ജോജോ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: