യുഎഇ: ഇത്തവണ യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പ് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരമാകാന്‍ സാധ്യതയുണ്ട്. അഫ്ഗാന് ടീമിന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) തീരുമാനം അനിശ്ചിതത്വത്തിലാണ്. താലിബാനെ അഫ്ഗാനിസ്ഥാനിലെ നിയമാനുസൃത ഭരണകര്ത്താക്കളയി ഐസിസി അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് 15 ന് താലിബാന് കാബൂള്‍ പിടിച്ചെടുക്കുന്നതിനു മുമ്പു തന്നെ ടി20 ലോകകപ്പിനുള്ള മത്സരങ്ങളുടെ പട്ടിക ഐസിസി തയ്യാറാക്കിയിരുന്നു. അതിനാല്‍ അവസാന നിമിഷം അഫ്ഗാന് ടീമിനെ അയോഗ്യരാക്കാന്‍ അവര്‍ക്കായില്ല. അഫ്ഗാന് പതാകയ്ക്ക് പകരം താലിബാന്റെ പതാക സ്ഥാപിക്കണമെന്നും, ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്നും അവര്‍ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. സംഗീതമില്ലാതെ ദേശീയഗാനം ആലപിക്കണമെന്നായിരുന്നു താലിബാന് ആവശ്യപ്പെട്ടത്. ഒടുവില്‍ ഐസിസിയും താലിബാനും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് അഫ്ഗാന് ടീം ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
അവസാന നിമിഷം അഫ്ഗാന് ടീമിനെ അയോഗ്യരാക്കുക എന്നത് ഐസിസിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരുന്നില്ല. റാഷിദ് ഖാന്, മുഹമ്മദ് നബി, മുജീബ് സദ്രാന് തുടങ്ങിയ ലോകപ്രശസ്ത അഫ്ഗാന് ക്രിക്കറ്റ് താരങ്ങളുടെ കളി കാണാന്‍ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ലോകമെമ്പാടുമുണ്ട്. അഫ്ഗാന് ടീമിനെ അയോഗ്യരാക്കിയാല്‍ ഈ കാണികളെയെല്ലാം നഷ്ടപ്പെടുമെന്ന് ഐസിസിയ്ക്ക് അറിയാമായിരുന്നു. അതേസമയം ടി20 ലോകകപ്പില്‍ അഫ്ഗാന് ടീമിനെ മത്സരിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ലോകത്തിനു മുന്നില്‍ അവരുടെ ഭരണത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വീണ്ടും വഴിയൊരുക്കുമെന്ന് താലിബാനും വ്യക്തതയുണ്ടായിരുന്നു. അതിനാല്‍ ഇരുവര്‍ക്കും അവരുടെ രാഷ്ട്രീയം മാറ്റിവയ്ക്കേണ്ടി വന്നുവെന്ന് അഫ്ഗാന് ടീമിലെ ഒരദ്യോഗസ്ഥന് പറഞ്ഞു.
ലോകകപ്പ് ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, യുഎഇയില്‍ കളിക്കുന്നതില്‍ നിന്ന് താലിബാന് ക്രിക്കറ്റ് ടീമിനെ വിലക്കിയേക്കുമെന്ന് ഊഹാപോഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ അഫ്ഗാന് ടീമിന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് ആ ആശങ്കയ്ക്ക് വിരാമമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: