തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിനെതിരെ സമരം സംഘടിപ്പിക്കുമെന്ന് സിപിഎം. നവംബര്‍ 16 ന് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണിവരെ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നും സംസ്ഥാന സമിതി അറിയിച്ചു. കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരമാണ് സമരം.
ഇന്ധന നികുതി വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ജനരോക്ഷം ആളിക്കത്തുമ്പോള്‍ ആക്ഷേപങ്ങള്‍ വഴിതിരിച്ചുവിടാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം സമരം. കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിനെ തുടര്‍ന്ന് വലിയ സമ്മര്‍ദ്ദമാണ് സംസ്ഥാന സര്‍ക്കാരിനുമേല്‍ ഉള്ളത്. സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ അതിന് തയാറായിട്ടില്ല. പകരം കുറ്റം കേന്ദ്രത്തിന് മുകളില്‍ ചാരി മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമം.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അതിനാല്‍ നികുതി കുറയ്ക്കാന്‍ തയാറല്ലായെന്നുമാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചത്. അതിന് സിപിഎം പിന്തുണ നല്‍കുകയും ചെയ്തു. വിഷയത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിരോധിക്കാന്‍ മന്ത്രിയെ തന്നെ ചുമതലപ്പെടുത്തി.
കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളത്തില്‍ ആനുപാതികമായി കുറയാന്‍ കാരണം സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ മണ്ടത്തരം സ്വന്തം അണികളായ സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ കുറച്ച നികുതിയുടെ ക്രഡിറ്റ് അടിച്ചെടുക്കാന്‍ നോക്കാതെ പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടി കൈക്കൊള്ളുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന് ഓര്‍മ്മിപ്പിച്ചു.
തന്റെ മുന്‍ഗാമിയായ തോമസ് ഐസക്കിനെ പോലെ താത്ത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നതെന്നും സുരേന്ദ്രന് വിമര്‍ശിച്ചു. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും വരുന്ന ഭീമന് നികുതിയാണ് സംസ്ഥാനം ജനങ്ങള്‍ക്ക് മേല്‍ ചുമത്തുന്നത്. ഇത് കുറച്ച് മറ്റു വരുമാന മാര്‍ഗം കണ്ടെത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: