ലണ്ടന്‍: തുടര്‍ച്ചയായി നാലാം വിജയം നേടിയ ലിവര്‍പൂളും അയാക്സും യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്പാനിഷ് ടീം അത്ലറ്റിക്കോ മാഡ്രിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ അവസാന പതിനാറിലൊന്നായത്. ഈ വിജയത്തോടെ ലിവര്‍പൂള്‍ നാലു മത്സരങ്ങളില്‍ 12 പോയിന്റുമായി ഗ്രൂപ്പ് ബി യില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഡച്ച് ടീമായ അയാക്സ് നാലാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചത്.
ഡോര്‍ട്ട്മുണ്ടിനെതിരെ തുടക്കത്തില്‍ ഗോള്‍ വഴങ്ങി പിന്നാക്കം പോയ അയാക്സ് ശക്തമായ പോരാട്ടത്തിലൂടെയാണ് വിജയം പിടിച്ചത്. ഈ വിജയത്തോടെ അയാക്സ് നാലു മത്സരങ്ങളില്‍ 12 പോയിന്റുമായി ഗ്രൂപ്പ് സിയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.
ഗ്രൂപ്പ് ഡി യില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഷ്കതറിനെ തോല്‍പ്പിച്ചു. ഇതോടെ നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്തെത്തി.
ഷെരീഫിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്റര്‍ മിലാന് നാലു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.
ഗ്രൂപ്പ് എ യില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ക്ലബ്ബ് ബ്രൂഗ്ഗെയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ സിറ്റിക്ക് നാലു മത്സരങ്ങളില്‍ ഒമ്പത് പോയിന്റായി. പാരീസ് സെന്റ് ജര്‍മ(പിഎസ്ജി) നാണ് ഈ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്. നാലാം മത്സരത്തില്‍ അവര്‍ ആര്‍ബി ലീപ്സിഗുമായി സമനില പിടിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: