ന്യൂദല്‍ഹി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 52-ാം പതിപ്പില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ സിനിമകള്‍ പ്രഖ്യാപിച്ചു.സംസ്കൃത വിഭാഗത്തില്‍ മലയാളി യദു വിജയകൃഷ്ണന് സംവിധാനം ചെയ്ത ‘ഭഗവദജ്ജുകം’ ഉള്‍പ്പെടെ 25 ഫീച്ചര്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ജയരാജിന്റെ ‘നിറയെ തത്തകളുള്ള മരം’, രഞ്ജിത്ത് ശങ്കറിന്റെ ‘ സണ്ണി’ എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍.
ബോധായനന്റെ നാടകത്തെ ആസ്പദമാക്കിയാണ് ‘ഗവദജ്ജുകം’ അണിയിച്ചൊരുക്കിയിരിക്കുന്നത്.സംസ്കൃത നാടക കലാകാരന് കിരണ്‍രാജാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ആദ്യ സംസ്കൃത ചലച്ചിത്രംകൂടിയാണ്. ചരിത്രത്തെ ആസ്പദമാക്കിയും നിരവധി പരീക്ഷണങ്ങള്‍ സംസ്കൃതത്തില്‍ നടന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് വ്യാവസായിക അടിസ്ഥാനത്തില്‍ സിനിമ നിര്‍മ്മിക്കപ്പെടുന്നത്
വിപിന്‍ ചന്ദ്രന് ചിത്രത്തിന്റെ ക്യാമറയും പ്രദീപ് ചന്ദ്രന് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സംസ്കൃത നാടക സംവിധായക അശ്വതി വിജയനാണ് സംഭാഷണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാ സംവിധാനം അനില്‍ കാട്ടാക്കടയും വസ്ത്രാലങ്കാരം വിനിത കെ തമ്പാന്, മുരളീ ചന്ദ്ര എന്നിവര്‍ ചേര്‍ന്നുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പുതുമുഖം ജിഷ്ണു വി നായരാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മോഡല്‍ പാര്‍വതി. വി നായരാണ് നായിക. പ്രദീപ് കുമാര്‍, രശ്മി കൈലാസ്, ജ്വാല എസ് പരമേശ്വര്‍, ഷാരണി, രഘുനാഥ് സോപാനം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
നവംബര്‍ 20 മുതല്‍ 28 വരെ ഗോവ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ഓഫ് ഇന്ത്യയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ഗോവയില്‍ നടക്കുന്ന 9 ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേളയില്‍ തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുകള്‍ക്കും പ്രതിനിധികള്‍ക്കുമായി ഈ കാലയളവില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖരായ ചലച്ചിത്രകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും അടങ്ങുന്നതാണ് ജൂറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: