ന്യൂദല്‍ഹി : എല്ലാ മഠങ്ങളും ജ്യോതിര്‍ലിംഗങ്ങളും നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിശങ്കരന്റെ ആത്മാവ് ഭക്തരിലൂടെ കോദാര്‍നാഥിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിച്ച ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില അനുഭവങ്ങള്‍ അതീന്ദ്രിയമാണ്. അത് വാക്കുകള്‍ക്ക് അതീതമാണ്. കേദാര്‍നാഥില്‍ വരുമ്പോള്‍ അത്തരമൊരു അനുഭവമാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാര്‍നാഥ്. ആദിശങ്കരാചാര്യ സമാധിയുടെ ഉദ്ഘാടനത്തിന് നിങ്ങളെല്ലാവരും സാക്ഷികളാണ്. ഭക്തരിലൂടെ അദ്ദേഹത്തിന്റെ ആത്മാവ് ഇവിടെയുണ്ട്. 2013ലെ വെള്ളപ്പൊക്കത്തില്‍ കേദാര്‍നാഥില്‍ നാശനഷ്ടങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇവിടെ പുനര്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമോയെന്ന് ആളുകള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ തന്റെയുള്ളില്‍ ഒരു ശബ്ദം അത് വീണ്ടും പുനര്‍വികസിപ്പിച്ചെടുക്കുമെന്നും അത് മുമ്പത്തേക്കാള്‍ ഗാംഭീര്യമുള്ളതായിരിക്കുമെന്നും എന്നോട് പറഞ്ഞു.
സാധാരണക്കാരുടെ ജീവിതത്തിനായി പ്രയത്നിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. ഭാരതീയ ദര്‍ശനം മനുഷ്യന്റെ ഉന്നമനത്തേയും ക്ഷേമത്തേയും കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതത്തെ വളരെ സമഗ്രമായ രീതിയിലാണ് ഇത് കാണുന്നത്. ജീവിതത്തെ പൂര്‍ണതയില്‍ കാണുന്നതാണ് ഭാരതീയ ദര്‍ശനം. ഈ സത്യത്തെ കുറിച്ച് ജനങ്ങളേയും സമൂഹത്തേയും ബോധവാന്മാരാക്കാനാണ് ആദിശങ്കരാചാര്യര്‍ ശ്രമിച്ചത്. കേദാര്‍നാഥിലെ വികസനം ശ്രീശങ്കരാചാര്യരുടെ അനുഗ്രഹത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ ജീവിതയാത്ര അസാധാരണമാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുകയാണ്. അവിടെ കഴിഞ്ഞ ദിവസം വിപുലമായ രീതിയില്‍ ദീപോത്സവം നടത്തി. അയോധ്യ അതിന്റെ പഴയ പ്രൗഢി തിരിച്ച് പിടിക്കുകയാണ്. കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. വാരാണസിയിലും വലിയ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ന് നമ്മുടെ രാജ്യം വലിയ സ്വപ്നങ്ങള്‍ കണ്ട്, സമയബന്ധിതമായി ആ സ്വപ്നങ്ങള്‍ കയ്യെത്തി പിടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കേദാര്‍നാഥിന്റെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതില്‍ ഈ സര്‍ക്കാരിനേയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
ആദിശങ്കരാചാര്യരുടെ ഭക്തരെല്ലാം ഇന്ന് വലിയ ആവേശത്തിലാണ്. ദല്‍ഹിയില്‍ നിന്ന് കേദാര്‍നാഥിലെ പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ പതിവായി അവലോകനം ചെയ്തിരുന്നു. ഇവിടെ നടക്കുന്ന വിവിധ ജോലികളുടെ പുരോഗതി ഡ്രോണ്‍ ദൃശ്യങ്ങളിലൂടെ താന്‍ വിലയിരുത്തി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയതിന് ഇവിടെയുള്ള എല്ലാ ‘റാവലുകള്’ക്കും(പൂജാരികള്‍) താന്‍ നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് 12 അടി ഉയരമുള്ള പ്രതിമയാണ് പുനര്‍നിര്‍മിച്ചത്. മൊത്തം 130 കോടി രൂപ ചെലവിട്ടാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്നാനഘട്ടങ്ങള്‍, നദിയുടെ പാര്‍ശ്വഭിത്തികള്‍, പോലീസ് സ്റ്റേഷന്, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും.
മന്ദാകിനി നദിക്ക് കുറുകെ നിര്‍മിച്ച പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: