തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്കരണം സംബന്ധിച്ച മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെ പണിമുടക്കാന്‍ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. അതേ സമയം പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ അവശ്യ സര്‍വീസ് നിയമമായ ഡയ്സനോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ശമ്പള സ്കെയില്‍ സംബന്ധിച്ചു യൂണിയനുകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തള്ളുന്നില്ല, എന്നാലും മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിക്കാന്‍ സാവകാശം വേണമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. കഴിഞ്ഞ 20 നാണ് യൂണിയനുകള്‍ പണിമുടക്ക് സംബന്ധിച്ച നോട്ടിസ് നല്‍കിയത്. ഇതു ചൂണ്ടിക്കാട്ടി 24 മണിക്കൂറിനകം തീരുമാനം അറിയിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം മന്ത്രി ആന്റണി രാജു തള്ളിയതോടെയാണു ചര്‍ച്ച പരാജയപ്പെട്ടത്. ശമ്പള സ്കെയില്‍ അംഗീകരിച്ചാല്‍ മാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
സമരത്തില്‍ നിന്നു പിന്മാറണമെന്ന ഗതാഗതമന്ത്രിയുടെ അഭ്യര്‍ഥന ഇടത് അനുകൂല സംഘടനയുള്‍പ്പെടെ മൂന്ന് അംഗീകൃത യൂണിയനുകളും തള്ളി. യൂണിയനുകളുടെ നിലപാട്, ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാണെന്ന് മന്ത്രി വിമര്‍ശിച്ചു.
‘ശമ്പള പരിഷ്കരണം നടപ്പാക്കാമെന്ന് സര്‍ക്കാര്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഇത് സര്‍ക്കാരിന് 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കി വെക്കും. അന്തിമ തീരുമാനത്തിനു കൂടുതല്‍ ചര്‍ച്ചയും സമയവും വേണം. അതിനു സമ്മതിക്കാതെ യൂണിയനുകള്‍ കടുംപിടിത്തം കാട്ടരുത്. ആലോചിക്കാന്‍ പോലും സമയം നല്‍കാതെ 24 മണിക്കൂറിനുള്ളില്‍ തീരുമാനം പറഞ്ഞില്ലെങ്കില്‍ സമരത്തിലേക്കു പോകുമെന്ന നിലപാടു ശരിയാണോ എന്ന് അവര്‍ തന്നെ ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
ശമ്പളപരിഷ്കരണം നടപ്പാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 5 മാസമായി. ഇതുവരെ തീരുമാനമെടുക്കാത്ത സര്‍ക്കാരാണു സമരത്തിന് കാരണമെന്ന് യൂണിയനുകള്‍ ആരോപിച്ചു. ഇടതു സംഘടനയായ കെഎസ്ആര്‍ടിസിഇഎ ഉള്‍പ്പടെ മൂന്നു സംഘടനകളും പണിമുടക്കില്‍ പങ്കു ചേരും. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്, വ്യാഴാഴ്ച രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെയും കെഎസ്ആര്‍ടിസിഇഎയും ബിഎംഎസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്. മൂന്നു സംഘടനകളും സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളടക്കം എല്ലാ സര്‍വീസുകളെയും ഇത് പൂര്‍ണ്ണമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: