സന്തോഷ് ജോര്‍ജ് കുളങ്ങര
ലോകം ഇന്ന് സോഷ്യല്‍ മീഡിയയുടെ സ്വാധീനവലയത്തിലാണ്. അതിനൊപ്പം സാങ്കേതിക മികവിന്റെ മേന്മയിലും. ലോകത്തിന് വന്ന മാറ്റങ്ങള്‍ ചെറുതല്ല. അമേരിക്കയില്‍ ഇന്ന് പുറത്തിറങ്ങുന്ന ഉത്പന്നം അതേ സമയമോ അല്ലെങ്കില്‍ പിറ്റേന്നോ ഇന്ത്യയില്‍ ലഭ്യമാകുന്ന തരത്തിലേക്കാണ് വളര്‍ച്ച ഉണ്ടായിരിക്കുന്നത്. നിരവധി പുതിയ പ്ലാറ്റ് ഫോമുകളും വന്നിട്ടുണ്ട്. അതായത് ലോകത്തിന്റെ മതിലുകള്‍ എല്ലാം പൊളിഞ്ഞുകഴിഞ്ഞു. പണ്ട് മതിലുകെട്ടി നിര്ത്തിയിരുന്നതുകൊണ്ടാണല്ലോ പലതും അങ്ങോട്ടും ഇങ്ങോട്ടും കടക്കാതിരുന്നത്. മതിലുകളില്ലാത്ത ലോകത്തിന്റെ മാറ്റം ജീവിത രീതികളിലും വീക്ഷണങ്ങളിലും വന്നിട്ടുണ്ട്.
പക്ഷേ, മലയാളിയുടെ ലോക വീക്ഷണം ഇപ്പോഴും പഴയതില്‍ നില്‍ക്കുകയാണ്. അതിനേക്കാള്‍ ഇത്തിരികൂടി വഷളായെങ്കിലേ ഉള്ളൂ. ഇടുങ്ങിപ്പോയിട്ടുണ്ടോയെന്നും സംശയമുണ്ട്. നമ്മുടെ രാജ്യത്തും ശാസ്ത്ര സാങ്കേതിക വളര്‍ച്ച ലോക നിലവാരത്തിലേക്ക് വന്നെങ്കിലും ജനങ്ങളുടെ ചിന്താഗതികള്‍ വളര്‍ന്നിട്ടുണ്ടോ എന്നതില്‍ ബലമായ സംശയം ബാക്കിനില്ക്കുന്നു. അതൊരു വലിയ പ്രശ്നവുമാണ്.
ശാസ്ത്രസാങ്കേതികവിദ്യയും ജീവിതവും
മലയാളികളില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും ഇടുങ്ങിയ മനസ്ഥിതിക്കാരാണ്. എന്നാല്‍ അതിനപ്പുറം ചിന്തിക്കുന്നവരും ഇല്ലാതില്ല. ഇന്ന് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരില്ല. എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ തരുന്ന ടെക്നോളജി എന്താണെന്ന് നമ്മള് ചിന്തിച്ചിട്ടുണ്ടോ. നിങ്ങള്‍ മനസ്സില്‍ കാണുന്ന കാര്യം സാധ്യമാകുന്ന ടെക്നോളജിയാണ് ഓരോരുത്തരുടെയും കൈവശമുള്ളത്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ മൊബൈല്‍ സാധ്യതകള്‍ പരമാവധി ഉപയോഗിക്കപ്പെട്ടു. ഇതിലൂടെ ശാസ്ത്രത്തെ അടുത്തു കൈകാര്യം ചെയ്യുകയായിരുന്നു. എന്നിട്ടും ശാസ്ത്രബോധമുള്ളവരായി മാറാന്‍ നമുക്കായിട്ടുണ്ടോ? അശേഷം ശാസ്ത്രബോധമില്ലാത്ത സമൂഹമായി നമ്മള് മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഇടുങ്ങിയ മനസ്സും സങ്കുചിത ചിന്തകളും സ്വാര്‍ത്ഥമായ ആഗ്രഹങ്ങളും മാത്രമായിട്ട്… ഇത് മാറാത്തിടത്തോളം കാലം ടെക്നോളജി കൈവശം ഉണ്ടെങ്കിലും ശരിയായ നിലയില്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ലോകം എത്രയോ സുന്ദരവും ആഹ്ലാദകരവുമാണ്. 50 വര്‍ഷം മുമ്പത്തേക്കാള്‍ ശാസ്ത്രസാങ്കേതിക മികവ് വളരെയധികം മുന്നോട്ടുപോയി. എന്നാല്‍ ജീവിതം ആഹ്ലാദകരമായോ? അതിന്റെ കാരണമെന്താണ്. സാമൂഹ്യവ്യവസ്ഥയില്‍ നമ്മളിപ്പോഴും പിന്നോട്ടു പോവുന്നു. ഇതിലൊരു മാറ്റം വരേണ്ടതെങ്ങനെ? അത് വിദ്യാഭ്യാസത്തില്‍ കൂടി മാത്രമാണ് സാധ്യമാവുക. എന്തെങ്കിലുമൊക്കെ പഠിപ്പിക്കുന്നത് ആകരുത് വിദ്യാഭ്യാസം. കണക്കും ശാസ്ത്രവും ഭാഷയും മാത്രമല്ല പഠിപ്പിക്കേണ്ടത്. ഇവയൊക്കെ എങ്ങനെ ഉപയോഗിക്കപ്പെടണം എന്നുകൂടി പഠിപ്പിക്കണം. നല്ല മനുഷ്യനെ സൃഷ്ടിക്കുന്ന, വിശാലചിന്തകള്‍ നല്കുന്നതാകണം വിദ്യാഭ്യാസം. പക്ഷേ, പരിമിതമായ ചിന്തകള്‍ നല്കുന്ന വിദ്യാഭ്യാസമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഈ രംഗത്ത് വിശാലമായ കാഴ്ചപ്പാട് വന്നാല്‍ ലോകം സുന്ദരമാണെന്ന തിരിച്ചറിവ് ലഭിക്കും. അറിവിലൂടെ പരിഹരിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. ഇവിടെ ചുരുങ്ങിയ ചിന്തകളില്‍ ജീവിക്കുന്നവര്‍ക്കുപോലും ഏറ്റവും സാങ്കേതിക മികവുള്ള കാര്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ വേണം. എന്നാല്‍ അവര്‍ പറയുന്നതും ചെയ്യുന്നതും വേറെ വേറെ. ഈ വൈരുധ്യമാണ് മലയാളിയുടെ ജീവിതത്തില്‍ കാണുന്ന പൊതുപ്രശ്നം. ഇതില്‍ മാറ്റം വന്നെങ്കിലേ വികസിതമായൊരു ജനസമൂഹമായി മാറുകയുള്ളു. അത്തരമൊരു സാഹചര്യം തീര്‍ച്ചയായും കേരളത്തിന് അനിവാര്യമാണ്.
വിദ്യാഭ്യാസവും വ്യക്തിരൂപീകരണവും
ഒരു കുട്ടി ചെറുപ്രായത്തില്‍ തന്നെ വിദ്യാഭ്യാസത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ ഏതാണ്ട് ഇരുപത് വര്‍ഷത്തോളം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കൈയിലാണ്. വിവിധ പരിശീലനങ്ങളാണ് ഈ കാലയളവില്‍ നടക്കുന്നത്. എന്താണ് പരിശീലിപ്പിക്കുന്നത്? നല്ല മനുഷ്യനാകനല്ലേ ആദ്യം പരിശീലിപ്പിക്കേണ്ടത്. നല്ല മനുഷ്യന്റെ കൈയിലേക്ക് ടെക്നോളജി പഠിപ്പിച്ചു കൊടുത്തിട്ടല്ലേ കാര്യമുള്ളൂ. ഉദാഹരണത്തിന് ഒരു മോശം മനുഷ്യന്റെ കൈയിലേക്ക് ഒരു സര്ജനുവേണ്ട കത്തി കൊടുത്താല്‍ എന്തായിരിക്കും സ്ഥിതി. ഇത്തരമൊരു മനുഷ്യന്റെ കൈയില്‍ ഒരു മിസൈല്‍ ടെക്നോളജി നല്കിയാല് എന്താകും ഫലം? ആലോചിക്കേണ്ടതല്ലേ? അപ്പോള്‍ ആദ്യം ചെയ്യേണ്ടത് അടിസ്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിലൂടെ ഒരു നല്ല മനുഷ്യനെ വാര്‍ത്തെടുക്കുക. ആ വ്യക്തിയുടെ കൈകളിലേക്ക് ടെക്നോളജി കൈമാറുക. അങ്ങനെയായിരിക്കണം വിദ്യാഭ്യാസ കരിക്കുലം രൂപപ്പെടുത്തേണ്ടത്. നമ്മള് നട്ടുപിടിപ്പിക്കുന്ന ഒരു ചെടി വളര്‍ന്നുവരുമ്പോള്‍ അത് ഏത് ദിശയില്‍ വളരണമെന്ന് കയറുകെട്ടി തിരിച്ചു വിടുന്നതുപോലെ ആകണം ഓരോരുത്തര്‍ക്കും നല്കുന്ന വിദ്യാഭ്യാസം.
ഇന്ത്യയും കേരളവുമൊക്കെ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ പ്രശ്നമാണ്. അത് ഇന്ത്യയെ തകര്‍ക്കും. കാരണം, ഞാന്‍ ലോക രാജ്യങ്ങളിലൂടെ നിരന്തരം സഞ്ചരിച്ചിട്ടുള്ള ആളാണ്. എവിടെയൊക്കെയാണോ സമുദായങ്ങള്‍ തമ്മില്‍, വ്യക്തികള്‍ തമ്മില്‍ പരസ്പരം സൗഹൃദമില്ലാത്തത് അവിടുത്തെ ഒരു ശതമാനം അതൃപ്തരായ ജനസമൂഹം മതി ബാക്കി 99 ശതമാനത്തെയും അസ്വസ്ഥരാക്കാന്‍. ഇത് ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ദിശയെ തന്നെ മാറ്റും.
സാങ്കേതിക മികവിന്റെ നേട്ടമായി കാണുന്ന സോഷ്യല്‍ മീഡിയ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം നിസാരമല്ല. പക്ഷേ, ഗുണത്തേക്കാളേറെ ദൂഷ്യങ്ങളാണ് ഇത് സംഭാവന ചെയ്യുന്നത്. ഒരു മനുഷ്യനെ ഇടുങ്ങിയ, വിദ്വേഷം നിറഞ്ഞൊരു ലോകത്തിലേക്ക് നയിക്കുന്നത് സോഷ്യല്‍ മീഡിയ ആണ്. അതുകൊണ്ടുതന്നെ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
ലോകത്തെ നയിക്കാന്‍ പ്രാപ്തിയുള്ള ഒരു രാഷ്ട്രം തന്നെയാണ് ഇന്ത്യ. കാരണം അത്ര വൈവിധ്യങ്ങളുണ്ട്. അത്രയേറെ പ്രതിഭകളായ കുട്ടികളെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. വിദേശത്തെ ഏത് റിസര്‍ച്ച് സെന്ററില്‍ ചെന്നാലും അവിടെ ഇന്ത്യന്‍ സാന്നിധ്യമുണ്ട്. പക്ഷേ, ലോകത്തിന്റെ ഏതെങ്കിലുമൊരു കടിഞ്ഞാണ്‍ നമ്മുടെ കൈയില്‍ എവിടെയാണ്.
ഇന്ത്യ ഒരു നല്ല മാര്‍ക്കറ്റ് ആയതുകൊണ്ട് നമുക്ക് ഏത് രാജ്യത്തും സ്വീകാര്യത കിട്ടും. അത് ഒരു ആദരവാണെന്ന് പറയാന്‍ പറ്റില്ല. വിപണിയുടെ ശക്തികൊണ്ട് നമുക്ക് കിട്ടുന്ന ആദരവ് അവരുടെ ഉത്പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സ്നേഹം മാത്രമാണ്. നമ്മുടെ എത്ര ഉത്പന്നങ്ങള്‍ ഇക്കൂട്ടര്‍ ആദരപൂര്‍വം വാങ്ങിക്കുന്നുണ്ടെന്നതും കാണേണ്ടതാണ്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന് തുടങ്ങിയവയുടെ ടെക്നോളജിയോട് നമുക്ക് ഒരു ആദരവ് തോന്നുന്നത് അവരുടെ ഉത്പന്നങ്ങള്‍ വഴിയാണ്. അത്തരമൊരു ആദരവ് നേടാനാകണമെങ്കില്‍ ലോകത്തെ കീഴടക്കുന്ന തരത്തില്‍ നമ്മുടെ സാങ്കേതിക മികവിലുള്ള ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലേക്ക് എത്തണം. അതിനുള്ള പ്രോത്സാഹനം ഉണ്ടാകണം.
മത, സാമുദായിക ചിന്തകള്‍ മാറ്റിവെച്ചുള്ള ഒരു ദിശാബോധമാണ് ഇവിടെ ഉണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ പാശ്ചാത്യ ലോകത്തിന്റെ വിജയപാത പഠനാര്‍ഹമാണ്. അങ്ങനെ സംഭവിക്കണമെങ്കില്‍ നല്ല വിദ്യാഭ്യാസം നല്കാനാവണം. പരിശീലന കേന്ദ്രം ശരിയല്ലെങ്കില്‍ ഒരു ഉത്പന്നം നന്നാകുമോ. വ്യക്തികള്‍ എന്ന പ്രൊഡക്ടിനെ രൂപപ്പെടുത്തുന്ന സ്ഥലമാണ് സ്കൂള്‍ വിദ്യാഭ്യാസം. ഞാന്‍ എപ്പോഴും ഊന്നല്‍ നല്‍കുന്നത് സാമൂഹികമായി ഇന്ത്യ നന്നാകണമെങ്കില്‍, കേരളം നന്നാകണമെങ്കില്‍ വിദ്യാഭ്യാസത്തിലാണ് നമ്മള് ആദ്യം ഫോക്കസ് കൊടുക്കേണ്ടത് എന്നതിലാണ്. അതില്‍ വെറുതെ കുറച്ച് ചരിത്രം പഠിച്ചിട്ട് കാര്യമില്ല, ലോകത്തിനൊപ്പം നമ്മുടെ ആളുകളെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിലുള്ള ടെക്നോളജി നല്കാനാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: