പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ശബരിമലയില്‍ ഭക്തജനതിരക്ക് വര്‍ധിച്ചത്തോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി. കഴിഞ്ഞ ദിവസം നിലക്കലിലും സന്നിധാനത്തും അനുഭവപെട്ട തിരക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് ഭക്തര്‍ പറയുന്നു. നിലക്കലില്‍ നിന്ന് വാഹന പാസ് നല്കാന് പോലും വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നെന്ന് ഭക്തര്‍ ആരോപിച്ചു. നിലക്കലില്‍ നിന്നും പമ്പയിലേക്കുള്ള ബസ്സ് സര്‍വീസുകളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ചും അയ്യപ്പഭക്തര്‍ വ്യക്തമാക്കി.
ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ നില്ക്കുന്ന വരിയിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലകാല ഒരുക്കങ്ങള്‍ പൂര്ത്തിയാകാറായിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും ഭക്തര്‍ക്ക് പറയാനുള്ളത് ദുരിതാനുഭവങ്ങളാണ്. നിലവില്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ശബരിമല ദര്‍ശനത്തിനും ഇളവ് അനുവദിച്ചു.
ശബരിമല ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയപ്പിന്റെ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മതിയെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നേരത്തെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഭക്തര്‍ക്ക് ഇത് രണ്ടും വേണമെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: