കണ്ണൂര്‍: പനി ബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ ‘ജപിച്ച് ഊതല്‍’ നടത്തിയ ഇമാമിനെയും അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇമാമിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. കണ്ണൂർ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് ഹൗസില്‍ സാബിറയുടെയും അബ്ദുള്‍ സത്താറിന്റെയും മകള്‍ എം.എ.ഫാത്തിമയാണ് ചികിത്സ കിട്ടാതെ മരിച്ചത്.
വിശ്വാസത്തിന്റെ പേരില്‍ പെണ്‍കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ചവരുടെ ബന്ധുക്കളിൽ നിന്നു മൊഴി രേഖപ്പെടുത്തി. പനി ബാധിച്ച പതിനൊന്നുകാരിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ‘ജപിച്ച് ഊതല്‍’ നടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രദേശത്ത് മുന്‍ വര്‍ഷങ്ങളില്‍ നടന്ന മരണങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ഫാത്തിമ മരിച്ചത്. മൂന്നു ദിവസമായി ഫാത്തിമ പനി ബാധിച്ച് കിടപ്പിലായിരുന്നുവെന്നും, ദുര്‍മന്ത്രവാദത്തിന് പിന്നാലെ പോയതാണ് മരണകാരണമെന്നും ആരോപിച്ച് പിതൃസഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്.
കണ്ണൂർ സിറ്റിയിലെ ചില കുടുംബ വീടുകൾ കേന്ദ്രീകരിച്ചാണ് മന്ത്രവാദം പിടിമുറുക്കിയത്. അസുഖങ്ങൾക്ക് വൈദ്യ ചികിത്സയ്ക്കപ്പുറം മതത്തെ മറയാക്കി മന്ത്രവാദമാണ് പ്രതിവിധിയെന്നാണ് അവകാശവാദം. ഖുറാനിലെ സൂക്തങ്ങൾ ചൊല്ലിയാൽ അസുഖം മാറും എന്നും ഇവർ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: