ഇടുക്കി : വൃഷ്ടി പ്രദേശത്തെ മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്.
രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയതോടെ നിലവില്‍ ആറ് ഷട്ടറുകളാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ജലനിരപ്പ് കുറഞ്ഞതോടെയാണ് അണക്കെട്ടിലെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് ചൊവ്വാഴ്ച അടച്ചിരുന്നു.
സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഒന്ന്, അഞ്ച്, ആറ് ഷട്ടറുകള്‍ അടച്ചത്. ആദ്യം തുറന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ എഴുപത് സെന്റീമീറ്ററില്‍നിന്ന് 50 സെന്റീമീറ്റര്‍ ആയി കുറച്ച ശേഷം ഉച്ചയ്ക്കുശേഷമാണ് രണ്ട്, നാല് ഷട്ടറുകള്‍ അടച്ചത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.
സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപവത്കരിച്ച ഉപസമിതിയും ചൊവ്വാഴ്ച അണക്കെട്ട് പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കേരളത്തിന്റേയും തമിഴ്നാടിന്റേയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സമിതിയാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: