പരപ്പ: ബളാല്‍ അത്തിക്കടവ് പൊടിപ്പളത്തെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടി വെക്കാനെത്തിയ വയോധികന് പന്നിയുടെ കുത്തേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയി എന്ന കെ.യു ജോണി(60)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോണിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ബളാല്‍ പൊടിപ്പളത്തെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പില്‍ എത്തിയ കാട്ടുപന്നി വീട്ടിലെ വളര്‍ത്തുനായയുമായി ഏറ്റുമുട്ടുകയായിരുന്നു. പന്നി ഒഴിഞ്ഞ് പോകാതിരുന്നപ്പോള്‍ ഷിജു പന്നിയെ വെടിവെക്കാന്‍ ഫോറസ്റ്റ് അനുമതിയും ലൈസന്‍സുള്ള തോക്കുമുള്ള പാത്തിക്കരയിലെ കൊച്ചുമറ്റം ജോണിനെ വിളിച്ചു വരുത്തുകയായിരുന്നു. 5.30ഓടെ പന്നിയെ വെടിവെക്കാന്‍ എത്തിയ ജോയി അപകടകാരിയായ പന്നിക്ക് നേരെ ആദ്യ നിറയൊഴിച്ചു. താഴെ വീഴാതെയിരുന്ന പന്നിക്ക് നേരെ രണ്ടാമത്തെ വെടിവെയ്ക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ അക്രമണകാരിയായി ജോയിയുടെ നേരെ കുതിച്ചെത്തി കുത്തി വീഴ്ത്തുകയായിരുന്നു.
നിലത്ത് കിടന്ന് പിടയുന്നതിനിടയില്‍ പന്നി വീണ്ടും ജോയിയെ കുത്തുകയും കടിക്കുകയും ചെയ്തതായി ദൃക്സാക്ഷി സാജന് പൈങ്ങോട്ട് പറഞ്ഞു. ബഹളം കേട്ട് ഓടികൂടിയ ആളുകള്‍ കല്ലെറിഞ്ഞും ബഹളം വച്ചുമാണ് പന്നിയെ അകറ്റിയത്. ആദ്യത്തെ വെടിയേറ്റ പന്നി അപ്പോഴേക്കും അവശനയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയിയെ ഉടന്‍ കാഞ്ഞങ്ങാട് ആശുപത്രിയിലേക്കും പിന്നീട് മംഗളുരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെടിയേറ്റ പന്നി പൈങ്ങൊട്ട് ഷിജുവിന്റെ വീട്ടു പറമ്പില്‍ തന്നെ ചത്തുവീണു.
വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരപ്പ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി നടപടിക്രമങ്ങള്‍ക്ക് ശേഷം പന്നിയെ കുഴിച്ചുമൂടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍, ബീറ്റ് ഓഫീസര്‍ ജിബിന്‍ ജി.എ, സുമേഷ് കുമാര്‍ എന്നീ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: