പാരീസ്: ഫ്രാന്‍സില്‍ ഭീകരത തടയുന്നതിന്റെ ഭാഗമായി മസ്ജിദുകള്‍ കൂട്ടത്തോടെ പൂട്ടുന്നു. ഈ വര്‍ഷം ഏഴ് മസ്ജിദുകള്‍ കൂടി പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. തീവ്രവാദം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മസ്ജിദുകളും ചില സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സില്‍ ഇതുവരെ പൂട്ടിയത് 92 മസ്ജിദുകളാണ്.
കഴിഞ്ഞ ദിവസമാണ് ലെ മാന്സിന് സമീപമുള്ള അലോണ്‍സിലെ മസ്ജിദ് അടച്ചു പൂട്ടാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇസ്ലാമിക ഭീകരത വര്‍ധിപ്പിക്കാനും അക്രമങ്ങള്‍ക്ക് വഴിയൊരുക്കാനും മസ്ജിദ് സഹായിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
രാജ്യത്തിന്റെ ഐക്യത്തിന് എതിരുനില്‍ക്കുന്ന ഒരു പ്രവര്‍ത്തിയും അംഗീകരിക്കില്ലെന്നും ആറ് മാസത്തേക്ക് അലോണ്‍സിലെ മസ്ജിദ് പൂട്ടിയിടാനാണ് തീരുമാനമെന്നും ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ വ്യക്തമാക്കി. ഇതിന് പുറമെ മസ്ജിദിന്റെ എല്ലാ പ്രവര്‍ത്തികളും വിലയിരുത്താനും ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കാനും ഉത്തരവിട്ടു.
മസ്ജിദിന്റെ കീഴിലുള്ള ഖുറാനിക് സ്കൂളും പൂട്ടിയിടും. ആയുധ ശേഖരണത്തിന് സ്കൂള്‍ ഉപയോഗിച്ചെന്നും മുസ്ലിം തീവ്രവാദം വ്യാപിപ്പിക്കാന്‍ ഇടവരുത്തിയെന്നും ആരോപിച്ചാണ് സ്കൂള്‍ പൂട്ടിയിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അലോണ്‍സിലെ മസ്ജിദിന് പുറമെ ഏഴ് മസ്ജിദുകള്‍ കൂടി ഈ വര്‍ഷം പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരെ നടത്തിവരുന്ന നടപടികളുടെ ഭാഗമായി 2020 മുതല്‍ 92 മസ്ജിദുകളാണ് പൂട്ടിയത്. ആകെ 2500 മസ്ജിദുകളാണ് ഫ്രാന്‍സിലുള്ളത്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തില്‍ ഭീകരവാദം തടയാന്‍ നിരവധി പദ്ധതികള്‍ നേരത്തെ തന്നെ ആവിഷ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: