തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തിങ്കളാഴ്ച വീണ്ടും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ എല്ലാവും ഒരു പോലെ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പിണറായി എകെജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹയര്‍ സെക്കണ്ടറി ബ്ലോക്ക് ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിങ്കളാഴ്ച കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ്. ഒരിടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്കൂളിലേക്ക് എത്തുകയാണ്. ഇതിനായി സംസ്ഥാന വ്യാപകമായി എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കി കഴിഞ്ഞു. കോവിഡ് വാക്സിന് പരമാവധി എല്ലാവര്ക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്കൂള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. കുട്ടികള്‍ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണര്‍വുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരും ജാഗ്രത കൈവിടരുത്, കുട്ടികളുമായി ഇടപെടുന്ന സാഹചര്യത്തില്‍ മാതാപിതാക്കളെല്ലാവരും വാക്സീന് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിച്ച ഓണ്‍ലൈന്‍ പഠനം സംസ്ഥാനത്ത് വിജയകരമായിരുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കി. എല്ലാവരും ഒരുമിച്ചതോടെ ഡിജിറ്റല്‍ പഠനം വലിയ വിജയമാക്കിത്തീര്‍ക്കാന്‍ സാധിച്ചു. കോവിഡിനെ ഒരു പരിധിയോളം പിടിച്ച് കെട്ടാന്‍ കേരളത്തിന് സാധിച്ചു. ജനങ്ങളുടെ ഒരുമയും ഐക്യവും ഇതിന് മുതല്‍ക്കൂട്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കി കഴിഞ്ഞു. കുട്ടികളെ ധൈര്യമായി സ്കൂളില്‍ എത്തിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകള്‍ ഒഴികെ എല്ലാ സ്കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകനായിരിക്കും. വിവിധ സ്കൂളുകള്‍ക്കായി 24300 തെര്‍മ്മല്‍ സ്ക്യാനര്‍ വിതരണം ചെയ്തിട്ടുണ്ട്. ഇനി ഫിറ്റ്നസ് ലഭിക്കാനുള്ള സ്കൂളുകളുടെ എണ്ണം 446 ആണ്. 2282 അധ്യാപകര്‍ വാക്സിന് എടുക്കാത്തതായുണ്ട്. ഈ അധ്യാപകരോട് സ്കൂളുകളില്‍ വരേണ്ടതില്ലെന്ന് വാക്കാല്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അവര്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി കുട്ടികളെ പഠിപ്പിച്ചാല്‍ മതി. ഡെയ്ലി വേജസില്‍ വാക്സിന് എടുക്കാത്ത അധ്യാപകരുണ്ടെങ്കില്‍ അവര്‍ ഇനി ജോലിക്ക് വരേണ്ടതില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
സ്കൂള്‍ തുറക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഉത്കണ്ഠ വേണ്ട. എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം.
സ്കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സ്കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലംപാലിക്കണം.
അധ്യാപക ക്ഷാമമുള്ള ഇടങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനും 1800ഓളം പ്രധാനാധ്യാപകരെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ നിയമിക്കാനും നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: