കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാറിന് അന്ത്യാഞ്ജലി നല്കി നാട്. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടത്തി. രാജ്കുമാറിന്റെ സമാധിയിടമുള്ള കണ്ഠീരവ സ്റ്റുഡിയോയിലെ ആറ് അടി മണ്ണിലായിരുന്നു പ്രിയ താരത്തിന് അന്ത്യ വിശ്രമമൊരുങ്ങിയത്. പൊതുദര്‍ശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തില്‍ നിന്ന് വിലാപയാത്രയില്‍ ഭാഗമായത് പതിനായിരങ്ങളാണ് പ്രിയ താരത്തെ അവസാനമായി കാണാന്‍ എത്തിയത്.
പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. തലേദിവസം വരെ ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്ന താരം ഹൃദയാഘാതത്താല്‍ മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ചലച്ചിത്ര ലോകം കേട്ടത്. തിങ്കളാഴ്ച വരെ കര്‍ണ്ണാടകയില്‍ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൂനിയര്‍ എന്‍ടിആര്‍ പ്രഭു ദേവ യെഷ് രശ്മിക മന്താന എസ്എം കൃഷ്ണ മുഖ്യമന്ത്രി ബൊമ്മയ് അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബാലതാരമായി സിനിമാ ലോകത്തേയക്ക് എത്തിയ പുനീത് അമ്പതില്‍ താഴെ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും കന്നട ചലച്ചിത്ര ലോകത്ത് മറ്റാരെക്കാളും പ്രേക്ഷകപ്രീതി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എക്കാലത്തെയും വലിയ കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകന് എന്നതും മികച്ച അഭിനേതാവ് എന്നതുമായിരുന്നു ഇതിനുള്ള കാരണങ്ങള്‍. കൂടാതെ സമൂഹത്തോട് അത്രയും ബന്ധപ്പെട്ടുജീവിച്ച താരമായിരുന്നു അദ്ദേഹം. പുനീതിന്റെ വരുമാനത്തിന്റെ ഒരു ഭാഗം എന്നും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു.
നടന് എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകന് കൂടിയായിരുന്നു പുനീത്. ഗായകന് എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്കുന്ന നിരവധി കന്നഡ മീഡിയം സ്കൂളുകള്‍ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.
അച്ഛന് രാജ്കുമാറിന്റെ പേരിലുള്ള ട്രസ്റ്റ് വഴിയും ഒട്ടേറെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. സ്കൂളുകള്ക്കൊപ്പം അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കുവേണ്ടിയും അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രചാരണങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.
കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി 2013ല്‍ സര്‍വ്വശിക്ഷാ അഭിയാന്റെ അംബാസഡര്‍ ആയിരുന്നു. അച്ഛനെപ്പോലെ മരണശേഷം നേത്രദാനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതും നിറവേറ്റിയാണ് പ്രിയ താരം യാത്രയായത്. ബംഗളൂരുവിലെ നാരായണ നേത്രാലയയിലൂടെ രണ്ട് പേര്‍ക്കാണ് അദ്ദേഹം കാഴ്ച നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: