മക്കളേ,
സംസ്ക്കാരവും ഉല്ലാസവുംസമ്മേളിക്കുന്നഅവസരങ്ങളാണ് നമ്മുടെ ഉത്സവങ്ങള്‍. ഭാരതത്തിലെ മറ്റ് ഉത്സവങ്ങളെപ്പോലെ തന്നെ ദീപാവലിയ്ക്കും ഉല്ലാസത്തിനും ആനന്ദത്തിനും അതീതമായി ഒരു സന്ദേശമുണ്ട്. തിന്മയുടെ അന്ധകാരത്തില്‍നിന്ന് നന്മയുടെ വെളിച്ചത്തിലേയ്ക്കു മുന്നേറാനും, നമ്മുടെയുള്ളിലെ ഈശ്വരചൈതന്യത്തെ ഉണര്‍ത്താനുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ദീപാവലി.
എവിടെയും തിന്മ മാത്രമേ ഉള്ളൂ എന്നുപറഞ്ഞ്,
പിന്തിരിയുന്നത്, മടിയന്റെ മാര്‍ഗ്ഗമാണ്. നമുക്കുചുറ്റും നിറഞ്ഞ അന്ധകാരം കണ്ട്, ഇരുട്ടിനെ പഴിപറയുകയല്ല വേണ്ടത്. നമ്മുടെ കൈയിലുള്ള ചെറിയ മെഴുകുതിരി കൊളുത്തുക. നമ്മുടെയുള്ളില്‍ നന്മയുണര്‍ത്താന്‍ ശ്രമിച്ചാല്‍ അതുമറ്റുള്ളവരിലും വെളിച്ചം വിതറും. അതാണു വ്യക്തിയുടെയുംസമൂഹത്തിന്റെയുംവികാസത്തിനുള്ള എളുപ്പവഴി. ആ ചെറിയതിരിനാളം കൊണ്ട് എങ്ങനെ ഈ വലിയ അന്ധകാരത്തെ ഇല്ലാതാക്കുമെന്നു ചിന്തിച്ചു വിഷമിക്കേണ്ടതില്ല. അതുതെളിച്ചു മുന്നോട്ടു നടന്നാല്‍ നമ്മുടെ പാതയില്‍ ഓരോ ചുവടുവെയ്പിലും അതുപ്രകാശം ചൊരിയും.
ഒരു ധനികന്റെ യുവതിയായ മകള്‍ക്ക് അപൂര്‍വ്വമായ ഒരു അസുഖം ബാധിച്ചു. അവള് സദാസമയം ഒന്നിലും താല്പര്യമില്ലാതെ ഒന്നും ചെയ്യാതെ ഒരിടത്തിരിക്കും. കളിയും ചിരിയുമില്ല. മാതാപിതാക്കളും മുതിര്‍ന്ന ബന്ധുക്കളും ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തു. അവള്‍ക്ക് ഒരു മാറ്റവുമുണ്ടായില്ല. ഒടുവില്‍ വിദഗ്ധനായ ഒരു ഡോക്ടറെ വിളിച്ചുവരുത്തി. ഡോക്ടര്‍ വന്നപ്പോള്‍ പെണ്‍കുട്ടി ദുഃഖിതയായി സോഫയില്‍ ചാരിയിരിക്കുകയായിരുന്നു. അവളുടെ കണ്ണുകള്‍ പകുതിഅടഞ്ഞിരുന്നു, മുഖംവിളറിയിരുന്നു.
അല്പസമയത്തെ സംഭാഷണത്തില്‍ നിന്നുതന്നെ അവള്‍ക്കു വിഷാദരോഗമാണെന്നു ഡോക്ടര്‍ക്കുമ നസ്സിലായി. തന്റെ ജീവിതത്തിന് ഒരര്ത്ഥവുമില്ലെന്ന തോന്നലില്‍ നിന്നുണ്ടായ കടുത്ത വിഷാദമായിരുന്നു അവളെ അലട്ടിയിരുന്നത്. അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു, ‘വരൂ, നമുക്ക് ഒരു സ്ഥലംവരെ ഒന്നുപോകാം.’ അവള് അത്ഭുതത്തോടെ ചോദിച്ചു, ‘എങ്ങോട്ടാണ് പോകുന്നത്?’ ഡോക്ടര്‍ പറഞ്ഞു, ‘അതൊരു രഹസ്യമാണ്. അത് നിന്റെ നന്മയ്ക്കു വേണ്ടിയാണെന്നു മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ കഴിയൂ.’
ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പെണ്‍കുട്ടി കൂടെച്ചെല്ലാന്‍ തയ്യാറായി. ഡോക്ടര്‍ അവളെ ആ നഗരത്തിലെ ഏറ്റവും ദരിദ്രരായ ആളുകള്‍ താമസിക്കുന്ന ചേരിയിലേയ്ക്കാണ് കൊണ്ടുപോയത്. അവിടെയുള്ള സാധുക്കള്‍ക്കു നല്‍കാനായി നിരവധി സമ്മാനപ്പൊതികളും കുറച്ചു പണവും ഡോക്ടര്‍ കൈയില്‍ കരുതിയിരുന്നു. അവര്‍ അധികം താമസിയാതെ ചേരിയിലെത്തി. കാറില്‍നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയ്ക്ക് തളര്‍ച്ച കാരണം നേരെനില്ക്കാന് പോലും കഴിയുന്നുണ്ടായിരുന്നില്ല. ആദ്യത്തെ വീട്ടിലേയ്ക്കു പോകുമ്പോള്‍ അവള്‍ക്ക് ഡോക്ടറുടെ സഹായം വേണ്ടിവന്നു. അവര്‍ കൊണ്ടുപോയ സമ്മാനങ്ങളും പണവും ആ വീട്ടിലെ സ്ത്രീകള്‍ക്കും കൊച്ചുകുട്ടികള്‍ക്കും നല്കി. രണ്ടാമത്തെ വീടെത്തിയപ്പോള്‍ ആ പെണ്‍കുട്ടി ഡോക്ടറേക്കാള്‍ മുന്നില്‍ നടന്നു. മൂന്നാമത്തെ വീടെത്തിയപ്പോള്‍ അവള് തികച്ചും ഉല്ലാസവതിയായിരുന്നു. അവസാനം അവര്‍ ചേരിയിലുള്ളവരോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കൊച്ചുകുട്ടികള്‍ അവളുടെ കൈയില്‍ ഉമ്മ വെയ്ക്കുകയും സ്ത്രീകള്‍ നിറഞ്ഞകണ്ണുകളോടെ നന്ദിപറയുകയും ചെയ്യുന്നുണ്ടായിരുന്നു. അവള്‍ക്ക് കുറെ നാളുകള്‍ക്കുശേഷം എന്തെന്നില്ലാത്ത സന്തോഷവുംസംതൃപ്തിയുംഅനുഭവിക്കാന്‍ സാധിച്ചു.
അന്നുമുതല്‍ മറ്റുള്ളവര്‍ക്കു സന്തോഷംപകരാന്‍ കഴിയുന്ന ഒരു അവസരവും അവള് പാഴാക്കിയില്ല. ക്രമേണഅവള്‍ പഴയ ആരോഗ്യം വീണ്ടെടുത്തു. ദുഃഖവും നിരാശയും നിറഞ്ഞ അവളുടെ ജീവിതത്തിലേയ്ക്ക് സന്തോഷവും സംതൃപ്തിയും തിരിച്ചു വന്നു. കൊട്ടാരസദൃശമായ വീടുകളില്‍ ആഡംബരങ്ങള്‍ക്കു നടുവില്‍ ലഭിക്കാതിരുന്ന ശാന്തിയുംസമാധാനവും ദരിദ്രരുടെ കൊച്ചുകുടിലുകളില്‍ അവള് കണ്ടെത്തി. ഈ കഥയില്‍നിന്ന് ഒരു പാഠം നമുക്കുള്‍ക്കൊള്ളാനാകും,മറ്റുള്ളവര്‍ക്ക് നാം നല്‍കുന്നസന്തോഷം നൂറുമടങ്ങായി നമ്മിലേക്ക് മടങ്ങിവരും.
നമ്മെ ബാധിച്ചിരിക്കുന്ന ദുഃഖത്തില്‍നിന്നും നിരാശയില്‍ നിന്നും കരകയറാനുള്ള എളുപ്പമാര്‍ഗ്ഗം ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന കര്‍മ്മങ്ങളില്‍ മുഴുകുക എന്നതാണ്. അവര്‍ക്ക് സന്തോഷംപകരുമ്പോള്‍ നമ്മുടെ ദുഃഖം നമ്മള് മറക്കും,നമ്മളില്‍ സന്തോഷംനിറയും.
മറ്റൊരാള്‍ക്കു നല്‍കാനായി ഒരു പൂപറിക്കുമ്പോള്‍ അതിന്റെസൗന്ദര്യവും സുഗന്ധവും അറിയാതെയാണെങ്കിലും ആദ്യം ആസ്വദിക്കുന്നത് നമ്മള്‍തന്നെയാണ്. അതുപോലെ മറ്റൊരാളെ സഹായിക്കുമ്പോഴും നല്ലവാക്കു പറയുമ്പോഴും അവരെക്കാള്‍ അധികം സന്തോഷം ലഭിക്കുന്നതു നമുക്കുതന്നെയാണ്.
ദീപാവലിദിവസം മണ്‍ചെരാതുകളും പൂത്തിരിയും കത്തിച്ച് ആഘോഷിക്കുന്നതുകണ്ട് പിതൃക്കള്‍ സന്തുഷ്ടരായി അനുഗ്രഹിക്കും എന്നൊരു വിശ്വാസമുണ്ട്. മറ്റുള്ളവരുടെ ജീവിതത്തില്‍പ്രകാശം പരത്താന്‍ ദീപാവലി നമുക്കൊരു പ്രചോദനമാകുകയാണെങ്കില്‍ അതായിരിക്കും പിതൃക്കള്‍ക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്നത്.ഇതിനെ പ്രേമത്തിന്റെ ദീപാവലിയെന്നു വിളിക്കാം. ഇങ്ങനെയുള്ള ദീപാവലി നമുക്കു ദിവസവും ആഘോഷിക്കാന്‍ കഴിയണം. ചിരിക്കാന്‍ കഴിയാത്ത ജീവിതങ്ങള്‍ക്കും കണ്ണുനീര്‍വറ്റാത്ത മുഖങ്ങള്‍ക്കുംപ്രതീക്ഷയുടെ കിരണമായിത്തീരട്ടെ ഈ ദീപാവലി. മക്കളുടെ ഹൃദയത്തിലുള്ള നിസ്സ്വാര്‍ത്ഥതയുടെയും ഈശ്വരപ്രേമത്തിന്റെയും ദീപം ലോകത്തിനു വെളിച്ചമായിത്തീരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: