ലക്ഷ്മിദാസ്
അക്ഷരശ്ലോകം പഠിച്ചു തുടങ്ങിയ സമയത്ത് ഏറെ സുന്ദരമായ ചില ശ്ലോകങ്ങളുടെ രചയിതാവ് എന്ന നിലയിലാണ് കവി എന്‍.കെ. ദേശത്തെ ആദ്യമായറിയുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ധാരാളം കവിതകള്‍ വായിച്ചു. ശ്ലോകങ്ങളോടും കവിതകളോടും തോന്നിയ സ്നേഹവും ബഹുമാനവും അതുപോലെ നിലനില്‍ത്തുന്നതായിരുന്നു ഓരോ പ്രാവശ്യവും അദ്ദേഹത്തെ നേരില്‍ക്കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭവങ്ങളും. ലാളിത്യം മുഖമുദ്രയാക്കിയ കവിയെന്ന് അദ്ദേഹത്തെക്കുറിച്ച് പറയുന്നത് വെറുതെയല്ല. തീര്‍ത്തും സാധാരണരായ മനുഷ്യര്‍ക്കൊപ്പം അവരിലൊരാളായി നില്ക്കുന്ന കവിയാണ് ദേശം.
മലയാള കാവ്യലോകത്തിന് തിലകക്കുറിയാണ് ദേശം സാറിന്റെ കവിതകള്‍. ശ്ലോകങ്ങളുടേയും ഈരടികളുടേയും രചനയില്‍ അനുഭവപ്പെടുന്ന വൃത്തങ്ങളുടെ കെട്ടുറപ്പ്, വൃത്തനിരാസം മുഖമുദ്രയാക്കിയ ആധുനികകവികളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. സ്വന്തം നാടിനേയും ഭാഷയേയും പെറ്റമ്മയെപ്പോലെ സ്നേഹിച്ച കവി. എല്ലാ കവിതയിലുമുണ്ട് ആ സ്നേഹവും ആര്‍ദ്രതയും. ഈ സൗമ്യത മാത്രമല്ല, വിമര്‍ശിക്കപ്പെടേണ്ട സാമൂഹ്യവിഷയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് തീക്ഷ്ണമായി അവതരിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ കയ്യടക്കം ശ്രദ്ധേയമാണ്. ശ്ലോകപാരമ്പര്യത്തിലൂടെ താന്‍ നേടിയെടുത്ത കവിത്വസിദ്ധിയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് അദ്ദേഹം പലവുരു പറഞ്ഞിട്ടുണ്ട്.
മനുഷ്യരാശിയുടെ വികാര വിചാരങ്ങളേയും ചിന്തകളേയും ദേശത്തെപ്പോലെ അടുത്തറിഞ്ഞ് കവിതകളില്‍ അവതരിപ്പിച്ചിട്ടുള്ളവര്‍ ചുരുക്കം. ഈ ഭൂമിയിലെ ജീവിതത്തെക്കുറിച്ച് ‘വാഴ്വ് കിനാവാണ്’ എന്ന് നാടോടികളുടെ പാട്ട് എന്ന കവിതയിലൂടെ അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല, ഇവിടെ ഇവിടെ ‘ഞങ്ങളും നിങ്ങളുമില്ല, നമ്മള് മാത്രമേയുള്ളൂ’ എന്ന ഒരുമയുടെ സന്ദേശം കൂടി നാടോടികളുടെ ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതരുന്നു. മനുഷ്യനും പ്രകൃതിക്കും ഒരേപോലെ പ്രാധാന്യം കൊടുക്കുന്ന കവിയാണ് എന്‍.കെ. ദേശം. നമ്മള് നിസ്സാരമെന്ന് കരുതുന്ന അംഗുലപ്പുഴുവില്‍ നിന്നും അടയ്ക്കാക്കിളിയില്‍ നിന്നുപോലും വലിയ പ്രപഞ്ച സത്യങ്ങള്‍ പഠിക്കാനുണ്ടെന്ന് തിരിച്ചറിഞ്ഞ കവികൂടിയാണദ്ദേഹം. പ്രകൃതിയിലെ ജീവജാലങ്ങളുടെ ‘നിസ്സര്‍ഗ്ഗ കലാനിപുണതയും നിസ്സംഗതയും ക്ഷുദ്രവികാരമലീമസമായ മനുഷ്യമൃഗത്തിന് നേടാനായെങ്കില്‍’ ഈ ഭൂമിയിലെ ജീവിതം എത്ര മനോഹരമായേനേ എന്ന് ‘പ്രകൃതിയിലേക്ക്’ എന്ന കവിതയില്‍ കവി ആഗ്രഹിക്കുന്നു.
മഹത്തായ തത്ത്വചിന്തകളും ജീവിതസത്യങ്ങളും അവതരിപ്പിക്കുമ്പോഴും താനേറെ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്കു വേണ്ടി കവിതകളെഴുതാന്‍ അദ്ദേഹം മടിക്കാറില്ല. നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ അനുശീലനത്തിനായി ഹരിശ്രീ എന്ന അക്ഷരശ്ലോക സമിതിയും അദ്ദേഹം നടത്തി. അപ്പൂപ്പന് താടി, ചൊട്ടയിലെ ശീലം, മഴത്തുള്ളികള്‍ ഇവയെല്ലാം കുട്ടികളെ ഉദ്ദേശിച്ച് രചിച്ച കവിതകളാണ്. ‘അമ്പലഗോപുര നടയിലൊരാനക്കൊമ്പനെ ഞാന്‍ കണ്ടേ’ എന്ന് തുടങ്ങുന്ന ആനക്കൊമ്പന് എന്ന കവിത സമൂഹ്യമാധ്യമങ്ങളില്‍പോലും തരംഗമാണ്.
മനുഷ്യര്‍ എവിടെയൊക്കെ പോലായും തന്റെ പേരുകള്‍ മറക്കരുതെന്ന് അദ്ദേഹം ‘മറുനാട്ടില്‍ നിന്ന്’ എന്ന കവിതയിലൂടെ ഓര്‍മ്മിപ്പിച്ചു. തന്നെ വേദനിപ്പിച്ച ഓര്‍മ്മകളിലൂടെ ഓണത്തെക്കുറിച്ച് ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയ ‘ഓര്‍മ്മകളുടെ ഓണം’ എന്ന കവിതയുടെ മറുപുറമായിരുന്നു ദേശത്തിന്റെ കവിത. ‘വായ്ക്കുമഴലിലും വാടാതെയിത്തറവാട്ടില്‍ തെഴുത്ത’ മനുഷ്യബന്ധങ്ങളെയാണ് ദേശം കവിതയില്‍ കാണാനാവുക.
മനുഷ്യന് എന്നും സൂക്ഷിക്കാനാഗ്രഹിക്കുന്ന സ്നേഹബന്ധങ്ങളും മനസ്സില്‍ നിന്നും പറിച്ചു മാറ്റാനാവാത്ത ഗൃഹാതുര സ്മരണയും എന്‍.കെ.ദേശമെന്ന കവിയിലെ ആര്‍ദ്രമനസ്സിനെയാണ് കാണിക്കുന്നത്.
‘മറ്റേതു നാട്ടില്‍ പറിച്ചുനട്ടാലുമെന്‍
പൊട്ടിയ നാരായവേരിന്റെയറ്റത്തു
പൊട്ടിച്ചിനച്ചു തഴയ്ക്കാന്‍ കൊതിപ്പു ഞാന്‍
മങ്ങാതെയുണ്ടെന്‍ മനസ്സിലെന്നാളുമീ
മണ്ണില്‍ക്കിളിര്‍ക്കും കിനാക്കളും പൂക്കളും’ ഒരു സാധാരണ മലയാളിയുടെ മനസ്സുതന്നെയാണ് ഈ വരികളില്‍ കാണാന്‍ സാധിക്കുന്നത്.
അവാര്‍ഡുകള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ സ്വാധീനിക്കാന്‍ കഴിയാത്ത തരത്തിലുള്ള നിര്‍മമതാഭാവമാണ് എന്‍.കെ ദേശമെന്ന കവിയിലുള്ളത്. കവിത അദ്ദേഹത്തിന്റെ സംസ്കാരമാണ്. ജീവനാണ്. നിറഞ്ഞ ചിരിയോടെ വാത്സല്യത്തോടെ പകര്‍ന്നു തരുന്ന കാവ്യാനുഗ്രഹം വരുംതലമുറയെ മുന്നേട്ടുനയിക്കാനുള്ള ശക്തിയാണ്. അംഗീകാരങ്ങളെത്ര ലഭിച്ചാലും ഞാനെന്നും നിങ്ങളിലൊരാളാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒപ്പമുള്ളവരെ ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യസ്നേഹമാണ് ദേശംകവിതകളിലും നിറയുന്നത്. അതൊരു നിറവാണ്, ഇരുട്ട് അരിച്ചുകയറുന്ന പുതിയ കാലത്ത് പിന്നാലെ വരുന്നവര്‍ക്ക് വഴി കാട്ടി മുന്നോട്ടു പോകുന്ന നിലാവാണ്.
(കരമന നീറമണ്‍കര എന്‍എസ്എസ് വനിതാ കോളേജില്‍ മലയാള വിഭാഗം അദ്ധ്യാപികയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: