തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനത്തില്‍ നിയമനിര്മ്മാണസഭകളിലെ മലയാളി വനിതകളെ ആദരിക്കും. സമംസ്ത്രീസമത്വത്തിനായി സാംസ്കാരിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായാണ് ഒന്നാം കേരള നിയമസഭ മുതല്‍ പതിനഞ്ചാം നിയമസഭ വരെയുള്ള സാമാജികരെയും ലോക്സഭയിലും രാജ്യസഭയിലും അംഗങ്ങളായ മലയാളി വനിതകളെയും ആദരിക്കുന്നത്.
നവംബര്‍ ഒന്നിന് വൈകിട്ട് ആറിന് നിയമസഭയിലെ ശങ്കര നാരായണന് തമ്പി ഹാളില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായിക കെ എസ് ചിത്ര, മന്തിമാരായ സജി ചെറിയാന് .കെ എന്‍ ബാലഗോപാല്‍, അഡ്വ.കെ. രാജന്, കെ. രാധാകൃഷ്ണന്, സ്പീക്കര്‍ എം .ബി രാജേഷ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി .ഡി .സതീശന്, സാംസ്ക്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. മണ്മറഞ്ഞ വനിതാ സാമാജികര്‍ക്കു ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും.
തുടര്‍ന്ന് സമം വനിതാ നാടകവേദിയുടെ നാടകവും പ്രസിദ്ധ സംഗീതജ്ഞന് ഫെയ്സ് മുഹമ്മദിന്റെ വയലിന് കച്ചേരിയും നൃത്തശില്പവും അരങ്ങേറും. സംസ്കാരിക മുന്നേറ്റത്തിലൂടെയുള്ള സ്ത്രീ സമത്വം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സമം സാംസ്കാരിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: