ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചുവെങ്കിലും ഇന്നു പുറത്തിറങ്ങുവാനായില്ല. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്.
കര്‍ശന നിബദ്ധനകളോടെ ജാമ്യം അനുവദിച്ചതെങ്കിലും ബിനീഷ് കോടിയേരി ഈ വ്യവസ്ഥകള്‍ പാലിക്കുമോ എന്ന സംശയത്തേത്തുടര്‍ന്ന് കര്‍ണാടക സ്വദേശികളായ ജാമ്യക്കാര്‍ ഇതില്‍ നിന്നും പിന്മാറി. ഇതിനേത്തുടര്‍ന്നാണ് ഇന്നു ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. ജാമ്യക്കാര്‍ പിന്മാറിയതിനേത്തുടര്‍ന്ന് ബിനീഷിന്റെ കുടുംബം പകരം പുതിയ ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. ഇന്ന് ബിനീഷ് പുറത്തിറങ്ങുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.
വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുതെന്നും വിചാരണ കോടതി വിളിപ്പിക്കുമ്പോള്‍ ഹാജരാകണമെന്നും സമാന കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകാന്‍ പാടില്ലെന്നും തുടങ്ങി നിരവധി ഉപാധികളോടെയാണ് ജാമ്യം. ലഹരിമരുന്ന് ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റിമാന്റിലായിരുന്ന ബിനീഷിന് വ്യാഴാഴ്ചയാണ് കോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ബിനീഷ്. ജയില്‍ മോചിതനാകുന്ന ബിനീഷിനെ സ്വീകരിക്കാന്‍ സഹോദരന് ബിനോയ് കോടിയേരി അടക്കമുള്ളവര്‍ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: