മങ്കൊമ്പ് : കൊയ്ത് യന്ത്രത്തിന്റെ ക്ഷാമം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ കര്‍ഷകരെ വലയ്ക്കുന്നു. വിളവെടുപ്പു കാലാവധി കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ലു കിളിര്‍ത്തു നശിക്കുന്നതായി ആക്ഷേപം. ചമ്പക്കുളം കൃഷിഭവന് പരിധിയില്‍ വരുന്ന കൊക്കണം പാടശേഖരത്തിലെ നെല്ല് വിളവെടുപ്പു രണ്ടാഴ്ച വൈകിയിട്ടും കിളിര്‍ത്തു നശിക്കുന്നതായി പരാതി. 165 ഏക്കര്‍ വരുന്ന പാടത്തു വിതകഴിഞ്ഞിച്ചു 144 ദിവസം പിന്നിടുകയാണ്. 130 ദിവസം മുതല്‍ വിളവെടുപ്പു ആരംഭിക്കേണ്ടിയിരുന്നതാണ്. ശക്തമായ മഴയിലും കാറ്റിലുമായി ഒരു മാസമായി പാടത്തെ നെല്‍ച്ചെടികള്‍ വീണു കിടക്കുകയാണ്.
പാടം വെള്ളക്കെട്ടില്ലാതെ വറ്റിയ നിലയിലായതിനാല്‍ യന്ത്രമിറക്കാന് തടസമില്ല. കഴിഞ്ഞ 16ന് ഇവിടെ കൊയ്ത്തുയന്ത്രമിറക്കാമെന്നായിരുന്നു ഏജന്റും പാടശേഖരസമിതിയും തമ്മിലുള്ള ധാരണ. ആദ്യം മണിക്കൂറിനു 2100 രൂപ പ്രകാരം വിളവെടുക്കാമെന്നായിരുന്നു സമ്മതിച്ചിരുന്നത്. എന്നാല്‍ പിന്നീട് 2200 രൂപ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിച്ചതായി കര്‍ഷകര്‍ പറയുന്നു. എന്നാല്‍ എന്നിട്ടും യന്ത്രമിറക്കാന് ഇടനിലക്കാര്‍ തയാറായില്ലെന്നാണ് പരാതി. ചെറുകിടക്കാര്‍ മാത്രമുള്ള പാടത്തു 125 കര്‍ഷകരാണുള്ളത്. രണ്ടാം കൃഷി വിളവെടുപ്പിനു യന്ത്രവാടക ഏകീകരിച്ചു നിശ്ചയിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.
സാധാരണയായി വിളവെടുപ്പിനു മുമ്പ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കര്‍ഷകരുടെയും, യന്ത്രമുടമകളുടെയും യോഗം നടത്തുകയും കൂലി നിശ്ചയിക്കുകയും ചെയ്യുക പതിവാണ്. എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ മൂലം ഇത്തവണ യോഗം നടക്കുകയോ, കൂലി നിശ്ചയിക്കുകയോ ചെയ്തിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ വീണുകിടക്കുന്ന നെല്ലു കൊയ്തെടുക്കാന്‍ ഏക്കറൊന്നിനു മൂന്നര മണിക്കൂറെങ്കിലുമെടുക്കും. എന്നാല്‍ ആദ്യമിറക്കിയ പാടത്തെ വിളവെടുപ്പു പൂര്‍ത്തിയാകാത്തതാണ് യന്ത്രമെത്താന്‍ വൈകുന്നതെന്നാണ് യന്ത്രം എത്തിക്കാമെന്നേറ്റ ഇടനിലക്കാരന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: