ആലപ്പുഴ: ഒരണ സമരനേതാവാണെന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ. ആന്റണിയുടെ അവകാശവാദം പൂര്‍ണമായും തള്ളിക്കളഞ്ഞ് മുതിര്‍ന്ന നേതാവ് പ്രൊഫ. ജി. ബാലചന്ദ്രന്. എഐസിസി മുന്‍ അംഗവും ആലപ്പുഴ മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന ബാലചന്ദ്രന്റെ ആത്മകഥയായ ‘ഇന്നലെയുടെ തീര’ത്തിലാണ് ആന്റണിയെ സമരചരിത്രത്തില്‍ നിന്ന് പാടെ ഒഴിവാക്കിയത്. ഈ അധ്യായത്തിന്റെ ഒരു ഭാഗം ജി. ബാലചന്ദ്രന് തന്റെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ പലരും അതിനെ പറ്റി കമന്റുകള്‍ ഇട്ടെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. എന്നാല്‍, ആന്റണി ഒരണസമരത്തില്‍ പങ്കാളി ആയിരുന്നില്ലെന്ന് ബാലചന്ദ്രന് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കെഎസ്യു സ്ഥാപകനേതാക്കളിലൊരാളാണ് താനെന്നും ഒരണ സമരത്തിലൂടെ പൊരുതി വളര്‍ന്നതാണ് തന്റെ രാഷ്ട്രീയ ജീവിതമെന്നും ആന്റണി പലവേദികളിലും അവകാശപ്പെടുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവ് അതിനെ തള്ളിപ്പറയുന്നത് ശ്രദ്ധേയമാകുന്നത്. സമരത്തിലെ പ്രധാന നേതാവ് ചേര്‍ത്തലക്കാരനായ പി.കെ. കുര്യാക്കോസായിരുന്നു. കുര്യാക്കോസിനെ പോലീസ് മൃഗീയമായി മര്‍ദിച്ചു. വെളുത്തു ചുവന്ന കുര്യാക്കോസിന്റെ ശരീരം മുഴുവന്‍ ലാത്തിയുടെ കരുവാളിച്ച പാടുകള്‍ കാണാമായിരുന്നു. കുര്യാക്കോസിന്റെ അവസാന കാലം അവഗണനയുടേതായിരുന്നുവെന്നും ബാലചന്ദ്രന് അനുസ്മരിക്കുന്നു.
എ.കെ. ആന്റണി കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റായിരുന്നു ബാലചന്ദ്രന്. കെഎസ്യുവിന്റെ സ്ഥാപക നേതാവായി എ. കെ. ആന്റണിയെ ആരാധകര്‍ വാഴ്ത്താറുണ്ടെങ്കിലും ആദ്യകാലങ്ങളില്‍ നേതൃസ്ഥാനത്ത് സജീവമായി ആന്റണി ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. ഒരണസമരകാലത്ത് വയലാര്‍ രവി, തരകന്, എം.എ. ജോണ്‍ തുടങ്ങിയവരായിരുന്നു കെഎസ്യുവിനെ നയിച്ചിരുന്നത്. അതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള പ്രൊഫ. ബാലചന്ദ്രന്റെ ആത്മകഥയും.
കേരളത്തിലെ വിദ്യാര്‍ഥി മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സമരമാണ് 1958ല്‍ ആലപ്പുഴയില്‍ നടന്ന ഒരണസമരം. വിദ്യാര്‍ഥികളുടെ ബോട്ട് കണ്സഷന് ഒരണയില് (ആറ് പൈസ) നിന്ന് പത്ത് പൈസയായി വര്‍ധിപ്പിച്ച അധികാരികള്‍ക്കെതിരെ ബോട്ട് പിടിച്ചുകെട്ടി വിദ്യാര്‍ഥികള്‍ നടത്തിയ സമരം ആദ്യത്തെ കണ്സഷന് സമരം കൂടിയാണ്. വിമോചന സമരത്തിന് തുടക്കം കുറിച്ച സമരങ്ങളിലൊന്നു കൂടിയായിരുന്നു ഇത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പുന്നപ്ര-വയലാര്‍ സമരനായകരെന്ന് കൊട്ടിഘോഷിക്കുന്ന പലരും സമര നാളുകളില്‍ ആലപ്പുഴയില്‍ പോലും ഇല്ലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കോണ്‍ഗ്രസിലും ഇത്തരം വ്യാജസമര നേതാക്കള്‍ക്ക് കുറവില്ലെന്ന് വ്യക്തമാക്കുന്നതാണ് ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: