തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കെ. മുരളീധരന് എം.പി.ക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ കെ. മുരളീധരനെതിരേ മേയര്‍ ആര്യ രാജേന്ദ്രന് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കേസെടുത്തത്. മേയറുടെ പരാതിയില്‍ പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമോ എന്നതില്‍ തീരുമാനമുണ്ടാകും.
കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ് സമരത്തിനിടെയായിരുന്നു മുരളീധരന്റെ പരാമര്‍ശം. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്നാണ് മുരളീധരന് പരിഹസിച്ചത്. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ മേയറെ നോക്കി ‘ കനകസിംഹാസനത്തില്‍ ‘ എന്ന പാട്ട് പാടേണ്ടിവരും. ‘ എം.പി.പത്മനാഭനെ പോലെ ഉള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യ രാജേന്ദ്രന് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ വിനയപൂര്‍വ്വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ ശക്തി അവസാനിക്കുമ്പോള്‍ സംഭവം തീരും. അങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്നും മുരളീധരന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: