പെഷവാര്‍: തോക്കടക്കുള്ള ആയുധങ്ങളുമായി വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഇരു ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു പോലീസ് പറയുന്നത്.
വനഭൂമിയുടെ അവകാശത്തെച്ചൊല്ലിയായിരുന്നു ഏറ്റുമുട്ടല്‍. ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്ഥിതി ശാന്തമാക്കാന്‍ പോലീസും നേതാക്കളും ശ്രമം നടത്തുന്നുണ്ടെങ്കിലും സംഘര്‍ഷ സാധ്യത ഇപ്പോഴുമുള്ളതായാണ് റിപ്പോര്‍ട്ട്.
പേവാര്‍ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ ഗയിദു ഗോത്രവര്‍ഗക്കാരുടെ ഭൂമിയില്‍നിന്ന് വിറക് ശേഖരിച്ചതാണു ഏറ്റുമുട്ടലിന് കാരണം. കുറാം ജില്ലയിലെ വനഭൂമിയെച്ചൊല്ലി ഇരു വിഭാഗങ്ങളും തമ്മില്‍ ഏതാനും മാസമായി തര്‍ക്കമുണ്ട്. പേവാര്‍ ഗോത്രത്തില്‍പ്പെട്ട നാലു പേര് കൊല്ലപ്പെട്ടിരുന്നു. ഇതിനു പേവാര്‍ വിഭാഗം നടത്തിയ തിരിച്ചടിയിലാണ് ഗയിദു വിഭാഗത്തിലെ ആറു പേര് മരിച്ചത്.
ട്രഞ്ചുകളില്നിന്നാണ് ഗോത്രവിഭാഗങ്ങള്‍ വെടിവയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇരു വിഭാഗവും ഉപയോഗിച്ചു. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലുള്ള ജില്ലയാണു കുറാം. ഇവിടെ തോക്കുകളുടെയും മറ്റ് ആധുനിക ആയുധങ്ങളുടെയും ഉപയോഗം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: