കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ 1.65 കിലോ സ്വര്‍ണം കാരിയറെ ആക്രമിച്ച് കവര്‍ന്നയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതികള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിയില്‍ കീഴടങ്ങി. കൊടുവള്ളി മാനിപുരം കളരാന്തിരി സ്വദേശി പുറായില്‍ മുഹമ്മദ് ഷമീര്‍, കളരാന്തിരി വി.കെ. അഹമ്മദ് കോയ എന്നിവരാണ് കുന്ദമംഗലം കോടതിയില്‍ കീഴടങ്ങിയത്. ഷമീര്‍ മൂന്നുവര്‍ഷം വിദേശത്തായിരുന്നു. ഫൈസല്‍ നാട്ടില്‍ ഒളിവിലായിരുന്നു.
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുവള്ളി സംഘം നൗഷാദ് എന്ന കാരിയര്‍ വഴി 1.65 കിലോ സ്വര്‍ണം നാട്ടിലേക്ക് കൊടുത്തുവിട്ടു. ഈ വിവരം നൗഷാദ് മറ്റൊരു സംഘത്തെ അറിയിച്ചു. കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ഉടനെ നൗഷാദ് മറ്റൊരു വാഹനത്തില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞു.
കാരിയറിനെയും സംഘത്തെയും തിരിച്ചറിഞ്ഞ അഹമ്മദ് കോയയും ഷമീറും ഇവരെ പിടികൂടാനും സ്വര്‍ണം തട്ടിയെടുക്കാനുമായി കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിനു ക്വട്ടേഷന്‍ നല്കി. ഇവര്‍ കാസര്‍കോട് നിന്നും നൗഷാദിനെയും സംഘത്തെയും പിടികൂടി. തുടര്‍ന്ന് ഉപ്പളയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട് ഇവരെ മര്‍ദിച്ചു. നൗഷാദും സംഘവും സ്വര്‍ണം ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് കാക്ക രഞ്ജിത്തിനോട് പറഞ്ഞു. ഇവര്‍ ഒരുകിലോ സ്വര്‍ണം വീണ്ടെടുക്കുകയും ചെയ്തു.
ഇതിനിടെ നൗഷാദിന്റെ സംഘത്തിലെ ഒരാളുടെ മാതാവ് മകനെ കാണാനില്ലെന്നു പറഞ്ഞ് പോലീസില്‍ പരാതി നല്കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണക്കടത്ത് ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: