തിരുവനന്തപുരം: കുഞ്ഞിനെ കടത്താന്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം നിന്നത് ശിശുക്ഷേമസമിതി സെക്രട്ടറിയായ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനെന്ന് അനുപമ. പാര്‍ട്ടി നേതാക്കളായ തന്റെ മാതാപിതാക്കളെ നിയമവിരുദ്ധമായി ഷിജു ഖാന് സഹായിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് ഏപ്രിലില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ ആരോപിച്ചു.
മതാപിതാക്കളെ സഹായിക്കാന്‍ നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചത്. പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രന്, ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിത ജെയിംസ് എന്നിവര്‍ ഷിജുഖാനുമായി ചേര്‍ന്നു കുഞ്ഞിനെ കടത്തുകയായിരുന്നുവെന്നും അനുപമ പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം അട്ടിമറിക്കുകയാണ്. അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 19 നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴിയിലാണ് കുട്ടിയെ ജയന്ദ്രന് ബലമായി പിടിച്ചുവാങ്ങിയത്. പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഏപ്രില്‍ 19ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഗൗരവമുള്ള പരാതി ലഭിച്ചിട്ടും പോലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഡിജിപിയുള്‍പ്പെടെയുള്ളവരെ ജയചന്ദ്രന് നിയമപരമായാണ് കുഞ്ഞിനെ ഏറ്റെടുത്തതെന്ന് വിശ്വസിപ്പിച്ചിരുന്നു. കുഞ്ഞിനെ ചോദിക്കുമ്പോള്‍ ഉടന്‍ തരാമെന്ന് മാതാപിതാക്കള്‍ അനുപമയെ പറഞ്ഞു പറ്റിച്ചിരുന്നു.
ആറ് മാസം മുന്‍പാണ് അനുപമ തന്റെ ആണ് കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. സഹോദരിയുടെ വിവാഹ ശേഷം തിരിച്ചു നല്‍കാമെന്ന് പറഞ്ഞ് അച്ഛന് ബലമായി എടുത്തുകൊണ്ടു പോയ കുട്ടിയെ തിരികെ വേണമെന്നാണ് അനുപമയുടെ ആവശ്യം. എന്നാല്‍ അനുപമയുടെ സമ്മതപ്രകാരം കുട്ടിയെ നിയമപരമായി കൈമാറിയെന്നാണ് ജയചന്ദ്രന് പറയുന്നത്.
തന്റെ കുഞ്ഞിനെ അച്ഛന് തട്ടിക്കൊണ്ടുപോയെന്ന് അടുത്തിടെ നടന്നൊരു ചാനല്‍ ചര്‍ച്ചയില്‍ അനുപമ പരസ്യമായി ആരോപിച്ചിരുന്നു. ഇതോടെ സംഭവം വലിയ ചര്‍ച്ചയായി. ഇതേ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ അനുപമയുടെ പരാതി വനിതാ കമ്മീഷന് അദ്ധ്യക്ഷ സതീ ദേവി ശരിവെച്ചിരുന്നു. സംഭവത്തില്‍ അടുത്ത ദിവസം കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: