ദുബായ്: വിരാട് കോഹ്ലിക്ക് പകരം നായകന്റെ കുപ്പായമിട്ട രോഹിത് ശര്‍മ്മ അടിപൊളി ബാറ്റിങ്ങില്‍ ഇന്ത്യക്ക് വിജയമൊരുക്കി. ടി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് ഓസ്ട്രേലിയയെ തകര്‍ത്തുവിട്ടു.
ഓസ്ട്രേലിയ മുന്നോട്ടുവച്ച 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പതിമൂന്ന് പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മ അറുപത് റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. 41 പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്സറും പൊക്കി. ആദ്യം ബാറ്റ് ചെയത് ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 152 റണ്‍സ് എടുത്തു.
രണ്ട് സന്നാഹ മത്സരങ്ങളിലും വിജയക്കൊടി പാറിച്ച ഇന്ത്യ ലോകകപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി. ഞായറാഴ്ചയാണ് ഇന്ത്യ- പാക് പോരാട്ടം. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു.
ആദ്യ വിക്കറ്റില്‍ കെ.എല്‍. രാഹുലിനൊപ്പം 68 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ച രോഹിത് ശര്‍മ്മ ഒടുവില്‍ മറ്റ് ബാറ്റ്സ്മാന്മാര്ക്ക് ബാറ്റിങ്ങിംഗ് അവസരമൊരുക്കാന്‍ റിട്ടയര്‍ ചെയ്യുകയായിരുന്നു. രാഹുല്‍ 31 പന്തില്‍ 39 റണ്‍സുമായി മടങ്ങി. രണ്ട് ഫോറും മൂന്ന് സിക്സറും അടിച്ചു. സൂര്യകുമാര്‍ യാദവും (38 ) ഹാര്‍ദിക് പാണ്ഡ്യയും (14) പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(1) ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (8), മിച്ചല്‍ മാര്‍ഷ് (0) എന്നിവര്‍ അനായാസം ബാറ്റ് താഴ്ത്തിയതോടെ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് 11 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്ത് (57), ഗ്ലെന്‍ മാക്സ്വെല് (37), മാര്‍ക്കസ് സ്റ്റോയ്നിസ് (41 നോട്ടൗട്ട്) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെ സ്കോര്‍ 152 റണ്‍സിലെത്തി.
ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് രണ്ട് ഓവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.
രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിച്ചത്. ശര്‍മ്മയുടെ കീഴില്‍ കോഹ്ലി കളിക്കുകയും ചെയ്തു. രണ്ട് ഓവര്‍ ബൗള്‍ ചെയ്ത കോഹ്ലി 12 റണ്‍സ് വിട്ടുകൊടുത്തു. ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: