തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയ്യിന്‍ മാതൃകയില്‍ ഉടന്‍ പണം സമ്പാദിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി സാധാരണക്കാരില്‍ നിന്നും വന്‍തുകകള്‍ തട്ടിയ പ്രതികളെ പോലീസ് പിടികൂടി. തൃശ്ശൂര്‍ അമ്മാടത്തുള്ള ചിറയത്ത് വീട്ടില്‍ ജോബി (43) തൃശ്ശൂര്‍ ചേറ്റുപുഴയിലുള്ള കൊല്ലത്ത്കുണ്ടില്‍ വീട്ടില്‍ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് കോയമ്പത്തൂരില്‍ നിന്നു അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായ നിക്ഷേപകര്‍ നെടുപുഴ സ്റ്റേഷനില്‍ പരാതികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ പ്രതികള്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിഐ ടി.ജി ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ സംഘം കോയമ്പത്തൂരിലെത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
ഭര്‍ത്താവ് മരിച്ച സ്മിതക്ക് മൂന്ന് കുട്ടികളും ജോബിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കോയമ്പത്തൂരില്‍ വച്ചും ഇവര്‍ കേരളത്തില്‍ നിന്നും ആളുകളെ ഇവിടേക്ക് മീറ്റിങ്ങിനായി ക്ഷണിച്ചിരുന്നതായും പ്രധാന പ്രതികള്‍ വിദേശത്തുനിന്നും ഫോണിലൂടെയാണ് ബിസിനസ്സ് നിയന്ത്രിക്കുന്നതെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതികള്‍ തൃശ്ശൂരിലുളള രാജേഷ് മലാക്ക, മുഹമ്മദ് ഫൈസല്‍ എന്നിവരാണെന്നും മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിലാണ് പ്രധാന ഓഫീസുകളുള്ളതെന്നും തൃശ്ശൂരിലുള്ളത് അസ്സോസിയേറ്റഡ് സ്ഥാപനമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കേസില്‍ പല വമ്പന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതുവഴി ലഭിച്ച പണംകൊണ്ട് പലരും തങ്ങളുടെ ബിനാമികളുടേയും ബന്ധുക്കളുടേയും പേരില്‍ ആഢംബര വീടുകളും ഫ്‌ളാറ്റുകളും പണിതിട്ടുണ്ടെന്നും അറിഞ്ഞതിനാല്‍ തുടര്‍ന്ന് അന്വേഷണം ശക്തമായ രീതിയില്‍ നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.സി ബൈജു, എഎസ്‌ഐ വി.രാംകുമാര്‍, സിപിഒമാരായ ജെറിറ്റ് ഡേവിഡ്, കെ.എല്‍ സിന്റി, ടി.എന്‍ നിശാന്ത്, ഇ.എഫ് പ്രശാന്ത്്, ടി.കെ രതീഷ്‌കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികളുടെ തട്ടിപ്പ് ഇങ്ങനെ…..
തൃശ്ശൂര്‍ ടൗണില്‍ എസ്‌ജെ അസോസിയേറ്റ്‌സ് എന്ന പേരില്‍ സ്ഥാപനം തുടങ്ങിയാണ് ഇവര്‍ തട്ടിപ്പിന് തുടക്കമിട്ടത്. ടോള്‍ ഡീല്‍ വെഞ്ചേഴ്‌സ് എല്‍എല്‍പി എന്ന പേരില്‍ മണിചെയിന്‍ മാതൃകയില്‍ കോഴിക്കോട് ആസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ ട്രേഡിങ്എന്ന ബിസിനസ്സ് പ്രവര്‍ത്തിച്ചിരുന്നത്.
പല ദിവസങ്ങളിലായി തൃശ്ശൂരിലെ വലിയ ഹോട്ടലുകളിലും മറ്റും മീറ്റിങ്ങുകള്‍ സംഘടിപ്പിച്ച് ബിസിനസ്സിനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. ട്രേഡിങ്ങിനായി പണം സ്വരൂപിക്കുക എന്ന ഘട്ടത്തിലേക്കാണ് ഇവര്‍ ആദ്യം പണം വാങ്ങുക. പണം നല്‍കുന്നവരുടെ മൊബൈലിലേക്ക് ഒരു ആപ്‌ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് കൊടുക്കുകയും ഇതിനോടൊപ്പം ഒരു യൂസര്‍ ഐഡിയും പാസ്സ് വേഡും നല്‍കുന്നു. ഈ പാസ്സ് വേഡ് ആപ്‌ളിക്കേഷനില്‍ നല്‍കുന്നതോടുകൂടി ഇവര്‍ നല്‍കുന്ന തുകയ്‌ക്ക് തുല്ല്യമായ ഡോളര്‍ വാലറ്റില്‍ ക്രെഡിറ്റ് ആകുന്നത് ആപ്‌ളിക്കേഷനില്‍ കാണിക്കുന്നു. പല ദിവസങ്ങളിലായി ഈ ഡോളര്‍ കൂടുകയും ചെയ്യുന്നു.
വേറെ ഒരു വ്യക്തിയെ ഈ ബിസിനസ്സിലേക്ക് ചേര്‍ക്കുന്നതോടെ അവര്‍ക്ക് അതിന്റെ കമ്മീഷനായുള്ള തുകകൂടി ഡോളറായി വാലറ്റില്‍ ലഭിക്കുമെന്ന ഓഫറും കൂടി ഇവര്‍ നല്‍കുന്നുണ്ട്. ഇങ്ങനെ ആപ്‌ളിക്കേഷനിലെ വാലറ്റില്‍ ഡോളര്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല എന്നപരാതിയുമായി പലരും ഇവരെ സമീപിച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റിയാല്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ എന്നാണ് ഇവര്‍ ആദ്യം മറുപടി കൊടുത്തിരുന്നത്. പരാതികള്‍ കൂടിവന്നതോടെ പ്രതികള്‍ തൃശ്ശൂരിലുള്ള സ്ഥാപനം പൂട്ടി സ്ഥലം വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: