ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ – യുഎന്‍ഒ, സമാധാന സംരക്ഷണ സേനയെ അയക്കണമെന്ന് വിഎച്ച്പി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന് ആവശ്യപ്പെട്ടു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ തീവ്രമുസ്ലീം സംഘടനകളും മതമൗലികവാദികളും നടത്തുന്ന അക്രമങ്ങള്‍ നാസികളുടെ ക്രൂരതയ്ക്ക് സമാനമാണെന്നും അദ്ദേഹം ആരോപിച്ചു.
ബംഗ്ലാദേശില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ക്രൂരവും പൈശാചികവുമായ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ 20ന് ഇന്ത്യയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കും. ദല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലും രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുസമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കാനും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തയ്യാറാകണം. അവര്‍ തന്റെ കടമ നിര്‍വ്വഹിക്കണം. യുഎന്‍ഒയും വിവിധ മനുഷ്യാവകാശ സംഘടനകളും നിശ്ചലരായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം 150 ലധികം ദുര്‍ഗ പൂജ പന്തലുകള്‍ തകര്‍ക്കപ്പെട്ടു. 362ല്‍ അധികം വിഗ്രഹങ്ങള്‍ തകര്‍ത്തു. ആയിരക്കണക്കിന് ഹിന്ദുക്കളുടെ വീടുകളും കടകളും ആക്രമിക്കപ്പെട്ടു. ഇതില്‍ ആയിരത്തിലധികം ഹിന്ദുക്കള്‍ക്ക് പരിക്കേറ്റു. ഇതുവരെ 10 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി ഹിന്ദു സ്ത്രീകള്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി. ചന്ദ്പൂരിലെ ഹാജി ഗഞ്ചില്‍, ഒരു സ്ത്രീയും മകളും അവളുടെ സഹോദരിയുടെ മകളും ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. നിരപരാധിയായ 10 വയസ്സുള്ള ഒരു പെണ്‍കുട്ടി അവിടെ കൊല്ലപ്പെട്ടു. മൂന്ന് ഇസ്കോണ്‍ ക്ഷേത്രങ്ങള്‍, രാമകൃഷ്ണ മിഷന്റെ ആശ്രമങ്ങള്‍, രാം താക്കൂര്‍ ആശ്രമം എന്നിവയുള്‍പ്പെടെ അമ്പതിലധികം ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇസ്കോണിലെ രണ്ട് സംന്യാസിമാരും ചൗമോഹിനി ക്ഷേത്രത്തിലെ പുരോഹിതരും ക്രൂരമായി കൊല്ലപ്പെട്ടു. മറ്റൊരു പുരോഹിതന്റെ മൃതദേഹം ഇസ്കോണ്‍ ക്ഷേത്രത്തിലെ കുളത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.
അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍, ബംഗ്ലാദേശ് ഭരണകൂടം ഭാരതസര്‍ക്കാരിന്റെ സഹായം സ്വീകരിക്കണം. അക്രമബാധിത പ്രദേശങ്ങളിലേക്ക് സമാധാന സംരക്ഷണ സേനയെ അയച്ച് യുഎന്‍ഒ അതിന്റെ കടമ നിറവേറ്റണം. തദ്ദേശീയ ന്യൂനപക്ഷമായ ഹിന്ദു ജനതയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത നിറവേറ്റുന്നതിനായി ഭാരത സര്‍ക്കാര്‍ ബംഗ്ലാദേശ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: