തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് 2018ല്‍ പ്രഖ്യാപിച്ച റീബില്‍ഡ് കേരളയിലും സംസ്ഥാനം റീബില്‍ഡ് ആയില്ല. 10,000 രൂപ പോലും ധനസഹായം ലഭിക്കാത്തവര്‍ ലക്ഷങ്ങള്‍. സര്‍ക്കാരിന് ലഭിച്ച തുകയില്‍ പകുതിയും ചെലവാക്കിയില്ല.
4461 കോടി രൂപയാണ് റീബില്‍ഡ് കേരളയ്ക്കായി ലഭിച്ചത്. ഇതില്‍ ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചത് 2276.37 കോടി രൂപ മാത്രം. പകുതിയോളം തുക ഇപ്പോഴും വെറുതെ കിടക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019ലെ പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും അഭയം തേടിയവര്‍ക്ക് 10,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതുപോലും കൊടുത്തു തീര്‍ത്തിട്ടില്ല.
2018ലെ പ്രളയത്തില്‍ 17,067 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇതില്‍ 9684 വീടുകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയാക്കിയത്. സ്വയം വീട് നിര്‍മിക്കുന്നതിന് 12,240 ഗുണഭോക്താക്കളാണ് മുന്നോട്ടുവന്നത്. ഇവയില്‍ 5640 വീടുകള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. സഹകരണ സംഘങ്ങള്‍ വഴിയുള്ള സ്കീമില്‍ പെടുത്തിയ 2098ല്‍ 1808 വീടുകള്‍ പൂര്‍ത്തിയാക്കി. 719 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നഷ്ടപ്പെട്ടു. അവരില്‍ 494 പേര്‍ക്ക് മാത്രമാണ് സ്ഥലമെങ്കിലും കണ്ടെത്തി നല്‍കിയത്. പുറമ്പോക്ക് ഭൂമികളില്‍ താമസിച്ചിരുന്ന 1091 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇവരില്‍ 903 പേര്‍ക്ക് ഭൂമി കണ്ടെത്തി. 619 കുടുംബങ്ങളെ അപകടകരമായ സ്ഥലങ്ങളില്‍ നിന്നു മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. ഇതില്‍ 103 പേര്‍ക്ക് മാത്രം ഭൂമി കണ്ടെത്തി നല്കി.
വീടുവയ്ക്കാനുള്ള തുക ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം, വിവിധ സംഘടനകളും സ്ഥാപനങ്ങളും നേരിട്ടു സ്പോണ്സര് ചെയ്തു നിര്‍മിച്ചു കൊടുക്കുന്ന 1084 വീടുകളില്‍ 970 വീടുകളുടെ പണി ആരംഭിക്കുകയും 862 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തു.
2019ല്‍ മാത്രം 63,332 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 15 ശതമാനം വരെ തകര്‍ന്ന വീടുകള്‍ 34,966; 16 മുതല്‍ 29 ശതമാനം വരെ 18,156; 30 മുതല്‍ 59 ശതമാനം വരെ 5357; 60 മുതല്‍ 74 ശതമാനം വരെ തകര്‍ന്നവ 1371; 75 ശതമാനത്തിനു മുകളില്‍ തകര്‍ന്നവ 3482 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ എണ്ണം.
ഇതില്‍പോലും 62,140 വീടുകള്‍ക്കാണ് സഹായം നല്‍കിയത്. 75 ശതമാനത്തിന് മുകളില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായവര്‍ക്ക് 2020 ആഗസ്ത് വരെ ഒന്നാംഘട്ടത്തിലെ തുക മാത്രമാണ് നല്‍കിയത്. അതിനുശേഷം എത്ര തുക നല്കിയെന്നോ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചുവെന്നോ ഉള്ള കണക്കുകള്‍ പുറത്തുവിട്ടിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: