ശ്ലോകം 360
ക്രിയാന്തരാസക്തിമപാസ്യ കീടകോ
ധ്യായന് യഥാളിം ഹ്യളിഭാവമൃച്ഛതി
തഥൈവ യോഗീ പരമാത്മ തത്ത്വം
ധ്യാത്വാ സമായാതി തദേകനിഷ്ഠയാ
കീടം മറ്റു കര്‍മ്മങ്ങളോടുള്ള ആസക്തി വെടിഞ്ഞ് ഭ്രമരത്തെ തന്നെ ധ്യാനിച്ച് ഭ്രമരമായിത്തീരുന്നതുപോലെ യോഗി ഏകനിഷ്ഠയോടെ അനന്യസക്തനായിട്ട് പരമാത്മ തത്ത്വം ധ്യാനിച്ച് പരമാത്മാവായി തീരുന്നു. കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞതിന്റെ തുടര്‍ച്ചയാണ് ഇവിടെ യോഗിയുടെ ഉദാഹരണം. കീടം എല്ലായ്പ്പോഴും മറ്റൊരു ചിന്തയോ ജോലിയോ ഇല്ലാതെ ഭ്രമരത്തെ തന്നെ വിചാരിച്ചു കൊണ്ടിരിക്കും. ശ്വാസോച്ഛാസം നടക്കുന്നതു പോലും അറിയാതെ എപ്പോഴും ഭ്രമരത്തെ മാത്രം ധ്യാനിക്കുന്ന കീടം ഭ്രമരമായി മാറും.
അതുപോലെ ജീവന് ദൃശ്യ വസ്തുക്കളില്‍ നിന്നും ശ്രദ്ധയെ പിന്‍വലിച്ച് മനോബുദ്ധികളെ പരമാത്മാവില്‍ ഉറപ്പിച്ച് പരമാത്മാവായി മാറുന്നു.
യോഗി ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് അന്തര്‍മുഖനാകുന്നു. പരമാത്മ തത്ത്വത്തെ അനുസന്ധാനം ചെയ്യുന്ന യോഗി പരമ പദത്തെ നേടും. എന്നാല്‍ സാധാരണ ഓരോ ജീവനും ശരീരം, മനസ്സ്, ബുദ്ധി എന്നിവയില്‍ താദാത്മ്യം പ്രാപിച്ച് പുറമെയുള്ള വിഷയങ്ങളെ ധ്യാനിച്ചു കൊണ്ടിരിക്കും. ഈ ബഹിര്മുഖത വെടിഞ്ഞ് ശ്രദ്ധ പരമാത്മാവിലുറപ്പിക്കണം. അപ്പോള്‍ പരമാത്മാവിനെ സാക്ഷാത്ക്കരിക്കാം.
ഭ്രമരമായി മാറുന്നതിന് മുമ്പുള്ള അവസ്ഥയാണ് കീടം. എന്നാല്‍ ഈ ദശയില്‍ കീടത്തില്‍ ഭ്രമരത്തിന്റെ അഥവാ വേട്ടാളന്റെ ലക്ഷണങ്ങളൊന്നും ഉണ്ടാകുകയില്ല. അത് വെറും പുഴുവായിരിക്കും. അതിനെ കണ്ടാല്‍ അത് ഭാവിയില്‍ ഭ്രമരമായിരിക്കും എന്നൊന്നും തോന്നുകയേ ഇല്ല. എന്നാല്‍ ഭ്രമരമായി മാറാനുള്ള സാധ്യത അതിലൊളിഞ്ഞിരിപ്പുണ്ട്. ഭ്രമരത്തെ തന്നെ ധ്യാനിച്ച് ധ്യാനിച്ച് കാലക്രമത്തില്‍ ആ പുഴു വേട്ടാളനാവും.
വേട്ടാളനില് നിന്നും തീര്‍ത്തും വ്യത്യസ്തമായ പുഴുവിന് വേട്ടാളനാകാമെങ്കില് അജ്ഞാനത്തില്‍ കുടുങ്ങി കിടക്കുന്ന ജീവന് തന്റെ നേരായലക്ഷ്യമായ ബ്രഹ്മമായി തീരാന്‍ ഒരു പ്രയാസവുമില്ല.
ദിവ്യതയാണ് ജീവന്റെ യഥാര്‍ത്ഥ സ്വരൂപമെങ്കിലും ഇപ്പോള്‍ അത് വ്യക്തമല്ല. ഓരോ ജീവനിലും ആ സാധ്യതയുണ്ട്. ജീവഭാവത്തില്‍ നിന്നും ഉയര്‍ന്ന യോഗി മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാതെ പരമാത്മാവിലേക്ക് തന്നെ തിരിയുന്നു.
ഏകാഗ്രതയോടെ നിരന്തരമായുള്ള പരമാത്മാ ധ്യാനം കൊണ്ട് ജീവന് പരമാത്മാ ഭാവത്തിലേക്ക് ഉണരും. അപ്പോള്‍ പൂര്‍ണ്ണ വികാസമായി . ജീവഭാവം പരമാത്മാവില്‍ ലയിച്ച് ഒന്നായിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: